സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പരിശുദ്ധ പിതാവ് ലിയോ  പാപ്പാ

 
papa


പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സിറോ-മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ യൂറോപ്പ്-യുകെ കണ്‍വെന്‍ഷനില്‍, സംബന്ധിക്കുവാന്‍ റോമില്‍ എത്തിച്ചേര്‍ന്ന, സഭാ പ്രതിനിധികളും,  സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയും, മറ്റു സഭാധ്യക്ഷന്മാരുമായി, ജൂണ്‍ മാസം പതിനഞ്ചാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തുകയും, സഭയുടെ പാരമ്പര്യത്തെയും, ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.

സന്ദേശത്തിന്റെ ആരംഭത്തില്‍, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67ആം പിറന്നാള്‍ ആഘോഷിക്കുന്ന സഭാതലവന് പാപ്പാ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആശംസകളും പാപ്പാ സ്‌നേഹപൂര്‍വ്വം നേര്‍ന്നു. യൂറോപ്പില്‍ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ നിയമിതനായ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ കുര്യാക്കോസ് മാര്‍ ഒസ്തതിയോസിനും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു.

1932 ജൂണ്‍ 11 ന് പതിനൊന്നാം പീയൂസ് പാപ്പാ, സീറോ മലങ്കര  സഭാ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച  'ക്രിസ്‌തോ പാസ്തോറും പ്രിന്‍ചിപ്പി' എന്ന അപ്പസ്‌തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് പാപ്പാ എടുത്തു പറഞ്ഞു. അതിനാല്‍ പത്രോസിന്റെ പിന്‍ഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാന്‍ നിരവധി വൈദികരെയും, സന്യസ്തരെയും വിശ്വാസികളെയും, പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച,  ധന്യന്‍ മാര്‍ ഇവാനിയോസ്, മാര്‍ തെയോഫിലസ് എന്നിവരെയോര്‍ത്തു ദൈവത്തിനു നന്ദിയര്‍പ്പിക്കാമെന്നും പാപ്പാ പറഞ്ഞു.

തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആദ്യത്തെ സീറോ മലങ്കര മെത്രാപ്പോലീത്ത, യേശുവിന്റെ തിരുഹൃദയത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട്, പരിശുദ്ധാത്മാവിനാല്‍ ദൈവജനത്തെ നയിക്കുവാന്‍ സ്വയം സമര്‍പ്പിച്ച  ഒരു വ്യക്തിയായിരുന്നുവെന്നു, 'ഒരു ഏകീകൃത സഭയ്ക്കുവേണ്ടിയുള്ള വലിയ ആഗ്രഹം, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടയാളം, അത് ഒരു അനുരഞ്ജന ലോകത്തിന്റെ പുളിപ്പായി മാറുന്നു'എന്ന തന്റെ പത്രോസിനടുത്ത ശുശ്രൂഷയുടെ തുടക്കത്തില്‍ പറഞ്ഞ വാക്കുകളോട് ചേര്‍ത്ത് പാപ്പാ വിശദീകരിച്ചു. 


ഒരു യുവ പുരോഹിതനായിരിക്കെ, മാര്‍ ഇവാനിയോസ്, കേരളത്തിലെ തന്റെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ദര്‍ശനം ഉയര്‍ത്തിയ ഒരു വ്യക്തിയായിരുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. തോമാശ്ലീഹാ, തന്റെ പ്രഘോഷണത്തിലൂടെയും, രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയില്‍ പാകിയ നല്ല വിത്തിന്റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാര്‍ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും, പ്രേഷിതദൗത്യം,  വാക്കുകള്‍  കൊണ്ടല്ല, മറിച്ച് പുണ്യപൂര്‍ണമായ ജീവിതത്തിലൂടെയും, യഥാര്‍ത്ഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂര്‍ത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പറഞ്ഞ പാപ്പാ, ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊര്‍ജ്ജത്തിന്റെയും, അപ്പസ്‌തോലിക ജീവകാരുണ്യത്തിന്റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി.

 സാമൂഹിക നീതി, വിദ്യാഭ്യാസം, സമഗ്ര മാനവ വികസനം എന്നിവ സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നല്‍കുവാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും പാപ്പാ അടിവരയിട്ടു പറഞ്ഞു. 1934 ലെ സുവിശേഷവത്കരണ ശ്രമത്തിന്റെ ഫലമായി തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ സീറോ-മലങ്കര സഭ വളരുവാന്‍ ആരംഭിച്ചതും  പാപ്പാ എടുത്തു പറഞ്ഞു. തുടര്‍ന്ന്, സഭയുടെ ഹയരാര്‍ക്കിയുടെയും, ഡി എം സഭയുടെയും, പ്രതിബദ്ധതയും പാപ്പാ ചൂണ്ടിക്കാണിച്ചു. ഖഡ്കിയിലെ വിശുദ്ധ എഫ്രെം, ഗുഡ്ഗാവിലെ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എന്നീ രൂപതകളിലും സമാനമായ ഒരു പ്രതിബദ്ധത പുലര്‍ത്തുവാനും പാപ്പാ വിവിധ സന്യാസ സഭകളെയും , സിനഡിനെയും  ക്ഷണിച്ചു.


അതേ സമയം, പൗരസ്ത്യ സഭകളുടെ വിലമതിക്കാനാവാത്ത നിധികള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, അടിയന്തിരമായി യോജിച്ച പ്രതിബദ്ധതയ്ക്കും പാപ്പാ ഏവരെയും ക്ഷണിച്ചു. വടക്കേ അമേരിക്കയില്‍ നിരവധി സീറോ-മലങ്കര വിശ്വാസികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അമേരിക്കയിലെ സീറോ-മലങ്കര വിശ്വാസികള്‍ക്കായി ഒരു അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് സ്ഥാപിച്ചതും, തുടര്‍ന്ന്, ഫ്രാന്‍സിസ് പാപ്പാ അതിനെ ഒരു രൂപത പദവിയിലേക്ക് ഉയര്‍ത്തിയതും പാപ്പാ എടുത്തു പറഞ്ഞു.

സമാനമായ ഉദ്ദേശ്യങ്ങളോടെയാണ്, യൂറോപ്പിലുടനീളമുള്ള സീറോ-മലങ്കര കത്തോലിക്കരുടെ അപ്പസ്‌തോലിക വിസിറ്റേറ്ററായി കുര്യാക്കോസ് മാര്‍ ഒസ്തതിയോസിനെ താന്‍ നിയമിച്ചതെന്നും പാപ്പാ ചൂണ്ടക്കാട്ടി. വിശ്വാസികളുടെ ആത്മീയ നന്മയ്ക്കായി പ്രാദേശിക മെത്രാന്മാര്‍ക്കും പരിശുദ്ധ സിംഹാസനത്തിനും,  നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ അജപാലന പരിചരണത്തിന്റെ നിലവിലെ അവസ്ഥ മനസിലാക്കുവാനാണ് ഈ നിയമനം നടത്തിയതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍, ലാറ്റിന്‍ മെത്രാന്മാര്‍ക്ക്, പൗരസ്ത്യ പാരമ്പര്യത്തില്‍ ഉള്ള സമൂഹങ്ങളെ മൂര്‍ത്തമായ പിന്തുണയ്ക്കുവാന്‍ സാധിക്കുന്ന, തത്ത്വങ്ങള്‍, മാനദണ്ഡങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കുവാനും, തന്നെ അറിയിക്കുവാനും, പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കസ്റ്ററിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

അതുവഴി സീറോ-മലങ്കര വിശ്വാസികളുടെ ഭാവി തലമുറ അവരുടെ തനതായ പാരമ്പര്യങ്ങള്‍ക്കനുസരണം ജീവിക്കുന്നത് വഴിയായി,  കര്‍ത്താവായ യേശുവുമായുള്ള സൗഹൃദം കൂടുതല്‍ ആഴത്തിലാക്കുകയും അങ്ങനെ കത്തോലിക്കാ സഭയ്ക്ക് മുതല്‍ക്കൂട്ടായി മാറുകയും ചെയ്യുമെന്ന് പാപ്പാ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. സീറോ-മലങ്കര സഭയുടെ അമൂല്യമായ സ്വത്വത്തെക്കുറിച്ചും അതുമായി സ്വന്തം താദാത്മ്യത്തെക്കുറിച്ചും കൂടുതല്‍ അവബോധം വളര്‍ത്താന്‍ പാപ്പാ ഏവരെയും ക്ഷണിച്ചു. സഭാ ജീവിതത്തില്‍ പങ്കുചേരുകയും,  സഭയുടെ അതുല്യമായ പൈതൃകം അനുഭവിക്കുകയും, മഹത്തായ അന്തസ്സിനെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തുകൊണ്ട്, മേജര്‍ ആര്‍ച്ച് ബിഷപ്പിനോടും മെത്രാന്മാരുടെ സിനഡുമായും ഐക്യത്തോടെ ജീവിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ഭാരതത്തില്‍, വിശുദ്ധ തോമാശ്ലീഹായുടെ  പാരമ്പര്യം പേറുന്ന സഭയില്‍, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, അതിനാല്‍ ഭവനങ്ങളിലും, ഹൃദയങ്ങളിലും, പ്രത്യേകമായി, യുവാക്കളില്‍ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അടിവരയിട്ടു. തന്റെ അപ്പസ്‌തോലിക ആശീര്‍വാദവും പാപ്പാ പ്രത്യേകമായി നല്‍കി.

Tags

Share this story

From Around the Web