സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ലെയോ പാപ്പ
റോം: യൂറോപ്പ് - യുകെ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ റോമില്‍ എത്തിച്ചേര്‍ന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയും, മറ്റു സഭാധ്യക്ഷന്മാരും ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ജൂണ്‍ 13ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചിരിന്നു.
ഇന്നു ജൂണ്‍ പതിനഞ്ചാം തീയതിയാണ് വത്തിക്കാനില്‍വെച്ച് ലെയോ പാപ്പയുമായി മലങ്കര കത്തോലിക്ക സഭാനേതൃത്വം കൂടിക്കാഴ്ച നടത്തിയത്.
67ാം പിറന്നാള്‍ ആഘോഷിക്കുന്ന കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയ്ക്കു ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആശംസകളും പാപ്പാ സ്‌നേഹപൂര്‍വ്വം നേര്‍ന്നു.
യൂറോപ്പില്‍ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ നിയമിതനായ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ കുര്യാക്കോസ് മാര്‍ ഒസ്തതിയോസിനും പാപ്പ ആശംസകള്‍ അര്‍പ്പിച്ചു.
ഭാരതത്തില്‍, വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയില്‍, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു പറഞ്ഞ പാപ്പ, ഭവനങ്ങളിലും ഹൃദയങ്ങളിലും പ്രത്യേകമായി, യുവജനങ്ങളില്‍ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.
തോമാശ്ലീഹാ, തന്റെ പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയില്‍ പാകിയ നല്ല വിത്തിന്റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാര്‍ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും പ്രേഷിതദൗത്യം വാക്കുകള്‍ കൊണ്ടല്ല, മറിച്ച് പുണ്യപൂര്‍ണമായ ജീവിതത്തിലൂടെയും, യഥാര്‍ത്ഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂര്‍ത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പാപ്പ പറഞ്ഞു.
ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊര്‍ജ്ജത്തിന്റെയും, അപ്പസ്‌തോലിക ജീവകാരുണ്യത്തിന്റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.
1932 ജൂണ്‍ 11ന് പയസ് പതിനൊന്നാമന്‍ പാപ്പ, സീറോ മലങ്കര സഭ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച 'ക്രിസ്‌തോ പാസ്തോറും' എന്ന അപ്പസ്‌തോലിക രേഖ ആരംഭിക്കുന്നത് - ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് പാപ്പ അനുസ്മരിച്ചു.
പത്രോസിന്റെ പിന്‍ഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാന്‍ നിരവധി വൈദികരെയും, സന്യസ്തരെയും വിശ്വാസികളെയും, പ്രത്യേകമായി ബഥനി സന്യാസ സമൂഹത്തെയും നയിച്ച ധന്യന്‍ മാര്‍ ഇവാനിയോസ്, മാര്‍ തെയോഫിലസ് എന്നിവരെയോര്‍ത്തു ദൈവത്തിനു നന്ദിയര്‍പ്പിക്കാമെന്നും മലങ്കര നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ പാപ്പ പറഞ്ഞു. അപ്പസ്‌തോലിക ആശീര്‍വാദം പാപ്പ നല്‍കിയിരിന്നു.