ലിത്വാനിയന്‍ മിഷ്ണറി ഭാരതത്തില്‍ എത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിന് ആശംസയുമായി ലെയോ പാപ്പ

വത്തിക്കാന്‍ സിറ്റി/ ഗോവ: ലിത്വാനിയന്‍ മിഷ്ണറിയായ ഫാ. ആന്‍ഡ്രിയൂസ് റുഡാമിന ഭാരതത്തില്‍ എത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിനു ആശംസ നേര്‍ന്ന് ലെയോ പാപ്പ.
യേശുവിനു വേണ്ടി പ്രേഷിതപ്രവര്‍ത്തനം നടത്തുന്നതിനായി രാഷ്ട്രീയ പദവി ഉപേക്ഷിച്ചുകൊണ്ട്, ജെസ്യൂട്ട് വൈദികനായ ഫാ. ആന്‍ഡ്രിയൂസ് റുഡാമിന, ഭാരതത്തില്‍ എത്തിയതിന്റെ നാനൂറാം വാര്‍ഷികം ഗോവയില്‍ നടത്തുന്നതിനോട് അനുബന്ധിച്ചാണ് ലെയോ പാപ്പ ആശംസ നേര്‍ന്നത്.
വാര്‍ഷിക ആഘോഷത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്, ലെയോ പതിനാലാമന്‍ പാപ്പ ടെലിഗ്രാം വഴിയാണ് സന്ദേശമയച്ചത്.
സുവിശേഷത്തിന്റെ രക്ഷാസന്ദേശം എല്ലാ ജനതകളിലേക്കും എത്തിക്കുന്നതിനു ഫാ. ആന്‍ഡ്രിയൂസ് കാട്ടിയ ധൈര്യവും, ആത്മസമര്‍പ്പണവും, ക്ഷമയും, സുവിശേഷം പ്രഘോഷിക്കുവാന്‍ ഇന്നത്തെ കാലഘട്ടത്തിലെ അനേകര്‍ക്ക് പ്രചോദനമാകട്ടെയെന്നു പാപ്പ ആശംസിച്ചു.
വാര്‍ഷികാഘോഷത്തിനായി ഗോവയിലെ കത്തീഡ്രലില്‍ ഒത്തുചേരുന്ന വിശ്വാസി സമൂഹത്തിനു പാപ്പ ആശംസകള്‍ നേര്‍ന്നു. ഫാ. ആന്‍ഡ്രിയൂസ് നല്‍കിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി പറയുമ്പോള്‍, താനും വിശ്വാസികള്‍ക്കൊപ്പം ഒന്നുചേരുകയാണെന്നു പാപ്പ കുറിച്ചു.
1625 ഓഗസ്റ്റ് 22-ന് ലിസ്ബണില്‍ നിന്ന് ഗോവയിലേക്ക് വന്ന ആന്‍ഡ്രിയസ് റുഡാമിന ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ലിത്വാനിയന്‍ ജെസ്യൂട്ട് മിഷ്ണറിയാണ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഹ്രസ്വകാല താമസത്തിനിടയില്‍, മലേറിയ ബാധിച്ച് അസുഖം പിടിപെടുന്നതുവരെ അദ്ദേഹം ചേര്‍ത്തുപിടിച്ചു.
സുവിശേഷവല്‍ക്കരണത്തിലും മറ്റുള്ളവരുടെ പരിചരണത്തിലും സദാസന്നദ്ധനായിരിന്നു. വൈകാതെ അദ്ദേഹം ചൈനയിലെ മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. ഏകദേശം നാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം 2015-ല്‍, റുഡാമിനയെ ആദരിക്കുന്ന ഒരു സ്മാരക ശില ഓള്‍ഡ് ഗോവയിലെ സെ കത്തീഡ്രലിന്റെ മുറ്റത്ത് സ്ഥാപിച്ചിരിന്നു.