അനീതി നിറഞ്ഞ എല്ലാ പ്രവർത്തനങ്ങളെയും അപലപിച്ച് ലെയോ മാർപാപ്പ
അനീതി നിറഞ്ഞ എല്ലാ പ്രവർത്തനങ്ങളെയും അപലപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ആഫ്രിക്കൻ സന്ദർശനം പൂർത്തിയാക്കി ഇക്വറ്റോറിയൽ ഗിനിയിലെ മലബോയിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. തദവസരത്തിൽ സമാധാനത്തിനായുള്ള പുതിയൊരു മനോഭാവം ലോകം വളർത്തിയെടുക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളിൽ വൻതോതിൽ നിരപരാധികൾ കൊല്ലപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ പാപ്പ, അക്രമത്തിന് പകരം സംഭാഷണത്തിലൂടെയുള്ള പരിഹാരമാണ് ഉണ്ടാകേണ്ടത് എന്ന് പറഞ്ഞു. രാജ്യങ്ങളിലെ ഭരണമാറ്റത്തേക്കാൾ പ്രധാനം നിരപരാധികളുടെ ജീവൻ സംരക്ഷിക്കുക എന്നതാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ഇറാനിലെ വധശിക്ഷകളെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവിധത്തിലുള്ള അനീതികളെയും താൻ അപലപിക്കുന്നുവെന്ന് പാപ്പ മറുപടി നൽകി. മനുഷ്യജീവൻ ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ സംരക്ഷിക്കപ്പെടണം. വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും പാപ്പാ വ്യക്തമാക്കി.
കുടിയേറ്റം ഒരു ആഗോള പ്രതിസന്ധിയാണ്. അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ രാജ്യങ്ങൾക്ക് അവകാശമുണ്ടെങ്കിലും കുടിയേറ്റക്കാരെ മൃഗങ്ങളേക്കാൾ മോശമായി പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് പാപ്പ പറഞ്ഞു. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലെ വിഭവങ്ങൾ കൊള്ളയടിക്കുന്ന സമ്പന്ന രാജ്യങ്ങൾ അവിടത്തെ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ എന്ത് ചെയ്തുവെന്ന് സ്വയം ചോദിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
ലോകത്തിന് മുന്നിൽ പ്രഖ്യാപനങ്ങൾ നടത്തുന്നതിനേക്കാൾ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനും മാനുഷിക സഹായങ്ങൾക്കുമായി അണിയറയിൽ പ്രവർത്തിക്കാനാണ് വത്തിക്കാൻ മുൻഗണന നൽകുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
തന്റെ യാത്രകൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കല്ല മറിച്ച് ദൈവജനത്തോടൊപ്പം നടക്കാനും സുവിശേഷം പ്രഘോഷിക്കാനുമുള്ള അജപാലനപരമായ ദൗത്യമാണെന്നും ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു.