ഉറുഗ്വേ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അര്‍ജന്റീനയില്‍
ബ്യൂണസ് അയേഴ്‌സ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അര്‍ജന്റീനയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിച്ചു.
ഇന്നലെ ബ്യൂണസ് അയേഴ്‌സിലെ ജോര്‍ജ് ന്യൂബെറി വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന പാപ്പയെ അര്‍ജന്റീനയുടെ പ്രസിഡന്റ് ജാവിയര്‍ മിലിയും അദ്ദേഹത്തിന്റെ സഹോദരിയും പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയുമായ കരീന മിലിയും ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കളും സഭാനേതൃത്വവും ചേര്‍ന്നു സ്വീകരിച്ചു. നാല് പതിറ്റാണ്ടിനിടയില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ആദ്യ പേപ്പല്‍ സന്ദര്‍ശനമാണിത്.
ഡൊമിംഗോ ഫൗസ്റ്റിനോ സര്‍മിയന്റോ കള്‍ച്ചറല്‍ സെന്ററിലെ ലിബര്‍ട്ടാഡ് കൊട്ടാരത്തില്‍ എത്തിചേര്‍ന്നപ്പോഴും പാപ്പയ്ക്കു വലിയ സ്വീകരണമാണ് നല്‍കിയത്. ജനിക്കാനിരിക്കുന്ന കുരുന്നുകള്‍ക്കു ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ തീരുമാനങ്ങളില്‍ അവര്‍ക്ക് ഇടമുണ്ടാകണമെന്നും പാപ്പ, അര്‍ജന്റീനയിലെ രാഷ്ട്രീയ നേതാക്കളോടും നയതന്ത്രജ്ഞരോടും പറഞ്ഞു.
നമ്മുടെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് എവിടെയാണ് സ്ഥാനം? നമ്മുടെ കുട്ടികള്‍ക്കായി എങ്ങനെയുള്ള ലോകമാണ് നമ്മള്‍ അവശേഷിപ്പിക്കാന്‍ പോകുന്നതെന്ന് സ്വയം ചോദിക്കുന്നതിന് മുന്‍പ്, അവരുടെ അന്തസ്സ് നാം തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തം ആരംഭിക്കുന്നത്, ജീവനെ അതിന്റെ ആദ്യ നിമിഷം മുതല്‍ സ്വീകരിക്കുന്നതിലൂടെയും, സ്വാഭാവികമായ അന്ത്യം വരെ അതിനെ സംരക്ഷിക്കുന്നതിലൂടെയുമാണെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'ഇവാഞ്ചെലിയം വിറ്റേ' എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
11 വരെ നീളുന്നതാണ് പാപ്പയുടെ അര്‍ജന്റീനയിലെ അപ്പസ്‌തോലിക സന്ദര്‍ശനം. ബ്യൂണസ് അയേഴ്‌സ്, കോര്‍ഡോബ, രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔര്‍ ലേഡി ഓഫ് ലുജാന്‍' മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം എന്നിവ ഈ ദിവസങ്ങളില്‍ പാപ്പ സന്ദര്‍ശിക്കും.