അംഗോളയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ഇക്വറ്റോറിയൽ ഗിനിയില്‍

 
El salavdore

മലാബോ: അൾജീരിയയിലെയും കാമറൂണിലെയും അംഗോളയിലെയും അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ആഫ്രിക്കന്‍ പര്യടനത്തിലെ അവസാനത്തെ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിലെത്തി. അംഗോളയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ ഇന്നലെ ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് അപ്പസ്തോലിക ന്യൂൺഷ്യേച്ചറിലെ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പ, അവിടെനിന്ന് യാത്ര പറഞ്ഞ്, രാവിലെ 8.35-ന് ലുവാണ്ടയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി.


വിമാനത്താവളത്തില്‍ അംഗോളയുടെ പ്രസിഡന്റ് ജൊവാവോ മനുവേൽ ഗൊൺസാൽവെസ് ലൊറെൻസോ ഉൾപ്പെടുന്ന ഔദ്യോഗികസംഘം പാപ്പയെ സ്വീകരിച്ചു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും ഔദ്യോഗിക ബഹുമതിച്ചടങ്ങുകൾക്കും ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾക്കും ശേഷം പാപ്പ ഇക്വറ്റോറിയൽ ഗിനിയിലേക്ക് യാത്ര തിരിച്ചു. കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, ഗാബോൻ, കാമറൂൺ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ച പാപ്പ രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം മലാബോയിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തി.


വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം, മാർപാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പോയി. 1979 മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തിയോഡോറോ ഒബിയാങ് എൻഗുമ എംബാസോഗോയുമായി പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് പരിശുദ്ധ പിതാവ് രാജ്യത്തെ അധികാരികൾ, സിവിൽ സമൂഹത്തിലെ അംഗങ്ങൾ, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മലബോയിൽ സാംസ്കാരിക പരിപാടിയില്‍ പാപ്പ സംബന്ധിച്ചു. പാപ്പയുടെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്ത നാഷണൽ യൂണിവേഴ്സിറ്റിയുടെ ലിയോൺ XIV കാമ്പസ് പാപ്പ ഉദ്ഘാടനം ചെയ്തു. ഇക്വറ്റോറിയൽ ഗിനിയിലെ സന്ദര്‍ശനത്തിന് നാളെ സമാപനമാകും.

Tags

Share this story

From Around the Web