സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ചൂട് മൂലം കുഴഞ്ഞുവീണ വൈദികന് തുണയായി ലെയോ പാപ്പ

 
 V padre

മേയ് 27 ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയ്‌ക്കൊടുവിൽ ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീണ ഫാ. ഡിയേഗോ സെമെരാരോയ്ക്ക് സഹായകനായി ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി. ഫാ. ഡിയേഗോയുടെ സഹോദരനായ ഫാ. ഫ്രാങ്കോ സെമെരാരോയാണ് വത്തിക്കാൻ ന്യൂസിനോട് ഈ സംഭവം പങ്കുവച്ചത്.

മേയ് 27 ബുധനാഴ്ച പൊതുദർശനത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന്റെ മുൻനിരയിൽ ആളുകൾ ഒത്തുകൂടിയിരുന്നു. പെട്ടെന്നാണ് താഴേക്കിറങ്ങി വന്ന മാർപാപ്പ, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയും നിലത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് വൈദികനെ ശുശ്രൂഷിക്കുകയും ചെയ്തത്.


ഇറ്റലിയിലെ പുഗ്ലിയയിലുള്ള മാർട്ടിന ഫ്രാങ്ക എന്ന സ്ഥലത്തുനിന്നുള്ള വൈദികനാണ് ഫാ. ഡിയേഗോ സെമെരാരോ. തന്റെ സഹോദരൻ ഫാ. ഫ്രാങ്കോയ്‌ക്കൊപ്പം റോം സന്ദർശിക്കാനെത്തിയ അദ്ദേഹം കടുത്ത ചൂട് മൂലമാണ് കുഴഞ്ഞുവീണത്. പൗരോഹിത്യത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഫാ. ഫ്രാങ്കോ, ഏകദേശം 20 വർഷം മുമ്പ് വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ മാർട്ടിന ഫ്രാങ്കയിൽ എത്തിച്ചപ്പോഴുള്ള ചിത്രങ്ങൾ അടങ്ങിയ ആൽബം മാർപാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.

പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം മാർപാപ്പയ്ക്ക് ഹസ്തദാനം നൽകാനായി ഇരുവരും വേദിക്ക് സമീപത്തേക്ക് നീങ്ങുമ്പോഴാണ് ഫാ. ഡിയേഗോയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. “മൂന്ന് മണിക്കൂറോളം വെയിലത്ത് നിന്നതിനെ തുടർന്ന് സഹോദരൻ പെട്ടെന്ന് ബോധരഹിതനായി താഴേക്ക് വീഴുകയായിരുന്നു. ഇപ്പോൾ നേരിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും ദൈവാനുഗ്രഹത്താൽ അദ്ദേഹം സുഖമായിരിക്കുന്നു,” ഫാ. ഫ്രാങ്കോ വ്യക്തമാക്കി.

തന്റെ സഹോദരന്റെ അരികിലേക്ക് ഓടിയെത്തി നിലത്ത് മുട്ടുകുത്തി നിന്ന് സഹായിക്കാൻ ആദ്യം മുന്നോട്ടുവന്നത് ലെയോ പതിനാലാമൻ മാർപാപ്പയായിരുന്നു എന്ന് ഫാ. ഫ്രാങ്കോ അനുസ്മരിച്ചു. കണ്ണുതുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന മാർപാപ്പയെ കണ്ട് അദ്ഭുതപ്പെട്ട ഫാ. ഡിയേഗോ “പരിശുദ്ധ പിതാവേ, ഇത് അങ്ങ് തന്നെയാണോ?” എന്ന് ചോദിച്ചുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് മാർപാപ്പ അദ്ദേഹത്തിന് ഹസ്തദാനം നൽകുകയും ഒരു ജപമാല സമ്മാനിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വൈദികനെ വത്തിക്കാനിലെ അടിയന്തര വിഭാഗത്തിൽ എത്തിച്ച് പരിശോധനകൾക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web