ലെയോ പാപ്പയുടെ 71-ാം ജന്മദിനം ആഘോഷിച്ചു

 
leo papa



സെപ്റ്റംബര്‍ 14 തിങ്കളാഴ്ച 71-ാം ജന്മദിനം ആഘോഷിച്ച ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ ഒഴുകിയെത്തി. 


ഇറ്റാലിയന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് പ്രസിഡന്‍സി, ഇറ്റലിയിലെ പ്രാദേശിക സഭകളുടെ ആശംസകള്‍ അറിയിക്കുകയും മാര്‍പാപ്പയുടെ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സഭാ ജീവിതത്തിന്റെ പ്രാഥമിക മുന്‍ഗണന സുവിശേഷമാണെന്നും ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണ് വിശ്വാസമെന്നുമുള്ള ലെയോ മാര്‍പാപ്പയുടെ നിലപാടിനെ ഇറ്റാലിയന്‍ ബിഷപ്പുമാര്‍ അനുസ്മരിച്ചു. 

കൂടാതെ, മിഷനറി സമൂഹങ്ങള്‍, എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഇടവകകള്‍, കാര്യക്ഷമമായ പങ്കാളിത്ത സംവിധാനങ്ങള്‍ എന്നിവയ്ക്കായുള്ള പാപ്പയുടെ ആഹ്വാനത്തെയും അവര്‍ എടുത്തുപറഞ്ഞു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലെയോ മാര്‍പാപ്പ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയ വിഷയങ്ങളില്‍ ഒന്നാണ് സമാധാനം. താന്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ''ആയുധങ്ങളില്ലാത്തതും ആയുധങ്ങള്‍ വച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതുമായ'' സമാധാനത്തെക്കുറിച്ച് സംസാരിച്ചത് മുതല്‍, തന്റെ അപ്പസ്‌തോലിക് യാത്രകളിലും കൂടിക്കാഴ്ചകളിലും പൊതു പ്രസംഗങ്ങളിലും പാപ്പ സമാധാനത്തെയും അനുരഞ്ജനത്തെയും കുറിച്ച് ആവര്‍ത്തിച്ച് സംസാരിച്ചു. 

മാര്‍പാപ്പയായ ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ 400-ലധികം തവണയാണ് പാപ്പ ഈ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.

ഐക്യം, സംഭാഷണം, പ്രത്യാശ, മാനവിക അന്തസ്സ് എന്നിവയെക്കുറിച്ചും പാപ്പ നിരന്തരം സംസാരിച്ചു. ലെബനനില്‍ സംഭാഷണത്തിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് മൊണാക്കോയും അള്‍ജീരിയയും സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയായി ലെയോ പതിനാലാമന്‍ പാപ്പ മാറി.

Tags

Share this story

From Around the Web