എഴുപതാം ജന്മദിനം ലളിതമായി ആഘോഷിച്ച് ലെയോ പാപ്പ. ലോകനേതാക്കള്‍, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോണ്‍ഫറന്‍സുകള്‍, ഇതര സഭാമേലധ്യക്ഷന്മാര്‍ ആശംസളര്‍പ്പിച്ചു

 
leo papa

വത്തിക്കാന്‍ സിറ്റി: ഇന്നലെ ഞായറാഴ്ച എഴുപതാം ജന്മദിനമാഘോഷിച്ച ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ലോകമെമ്പാടും നിന്നും ആശംസാപ്രവാഹം. ലോകനേതാക്കള്‍, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോണ്‍ഫറന്‍സുകള്‍, ഇതര സഭാമേലധ്യക്ഷന്മാര്‍, വിവിധ മേഖലകളിലുള്ള നേതാക്കള്‍, വിശ്വാസികള്‍ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പാപ്പയെ നേരില്‍ കണ്ട് ജന്മദിനാശംസ നേരുകയും കേക്ക് സമ്മാനിക്കുകയും ചെയ്തിരിന്നു.

ഇന്നലെ കര്‍ദ്ദിനാളുമാരുടെ സാന്നിധ്യത്തില്‍ ലെയോ പാപ്പ കേക്ക് മുറിച്ചതു കൂടാതെ മറ്റ് ആഘോഷങ്ങള്‍ ഒന്നുമുണ്ടായിരിന്നില്ല. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വലിയ ബാനറുകളുമായാണ് തീര്‍ത്ഥാടകര്‍ ത്രികാല ജപപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയത്.

70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയവരും നിരവധിയായിരിന്നു. മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷ്ണറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ലോകസമാധാനത്തിനായി മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍പാപ്പയ്ക്ക് ആത്മാര്‍ഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാത്തറെല്ല സന്ദേശത്തില്‍ കുറിച്ചു.

ജര്‍മ്മനിയിലെ വിശ്വാസികളുടെയും മെത്രാന്മാരുടെയും പേരില്‍, ആത്മാര്‍ത്ഥമായ ആശംസകള്‍ നേരുകയാണെന്നു ജര്‍മ്മന്‍ മെത്രാന്‍ സമിതി പ്രസിഡന്റ്, ലിംബര്‍ഗിലെ ബിഷപ്പ് ജോര്‍ജ്ജ് ബാറ്റ്‌സിംഗ് പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നു.

റോമിലെ ഉണ്ണീശോയുടെ നാമധേയത്തിലുള്ള പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികള്‍ ആശംസാസന്ദേശങ്ങളുമായി തങ്ങള്‍ ചെയ്ത പെയിന്റിംഗുകള്‍ മാര്‍പാപ്പയ്ക്ക് അയച്ചുകൊടുത്തിരിന്നു.

പാപ്പയ്ക്കു ജന്മദിനാശംസകള്‍ നേരുകയാണെന്നും ഇറ്റാലിയന്‍ സഭയെ അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നും ഇറ്റാലിയന്‍ മെത്രാന്‍ സമിതി സന്ദേശത്തില്‍ കുറിച്ചു. വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളും പാപ്പയ്ക്കു ആശംസ നേര്‍ന്നിരിന്നു.

Tags

Share this story

From Around the Web