വിശുദ്ധരുടെ മാതൃകയില്‍ സുവിശേഷത്തിന് സാക്ഷ്യം നല്‍കാന്‍ ആഹ്വാനവുമായി ലെയോ പാപ്പ
ബ്യൂണസ് അയേഴ്‌സ്: ക്രിസ്തുവിന്റെയും വിശുദ്ധരുടെയും ജീവിതമാതൃകയില്‍ ജീവിതം സമര്‍പ്പിക്കാനും, വിശുദ്ധിയില്‍ ജീവിക്കാനും, സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും അര്‍ജന്റീനയിലെ ക്രൈസ്തവരോട് ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പ.
കോര്‍ദൊബയിലെ വ്യോമയാന സ്‌കൂള്‍ മൈതാനത്ത് നവംബര്‍ 10-ന് ആറര ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തത്തോടെ അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാര്‍ത്ഥനയും സ്‌നേഹവും സേവനവും ജീവിതത്തിന്റെ അടിത്തറയാക്കാനും, വിശുദ്ധമായ ജീവിതത്തിലൂടെ സുവിശേഷസാക്ഷ്യം നല്‍കാനും പാപ്പ ആഹ്വാനം ചെയ്തു.
കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും സ്‌നേഹവും പ്രാര്‍ത്ഥനയും സേവനവും വഴി ക്രിസ്തീയവിശ്വാസം പ്രകടമാക്കണമെന്നും, വാക്കുകളേക്കാള്‍ ഉപരി സ്വന്തം ജീവിതമാതൃകയിലൂടെയാണ് ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തിന്റെ രക്ഷാസന്ദേശം എല്ലാ കാലത്തും പ്രസക്തമാണ്. ക്രിസ്തുവിനെപ്പോലെ സ്‌നേഹത്തിലും സേവനത്തിലും ജീവിതം സമര്‍പ്പിക്കാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവവുമായുള്ള പൂര്‍ണ്ണമായ ഐക്യമാണ് വിശുദ്ധിയുടെ ലക്ഷ്യം.
ക്രിസ്തുവില്‍ കണ്ടെത്തിയ സ്‌നേഹവും സൗന്ദര്യവും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനുമുണ്ട്.
ക്രൈസ്തവര്‍ തങ്ങളുടെ മഹത്വവും ദൈവീക വിളിയുടെ പ്രാധാന്യവും തിരിച്ചറിയണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. അര്‍ജന്റീനയിലെ സഭയ്ക്ക് വിശുദ്ധരായ വ്യക്തിത്വങ്ങളുള്ള വലിയൊരു പാരമ്പര്യമാണുള്ളതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, ജപമാലയുടെ വിശുദ്ധ ഹൊസേ ഗബ്രിയേല്‍ ബ്രോച്ചേറോ, മാമാ അന്തൂല തുടങ്ങിയവരുടെ ജീവിതമാതൃകകള്‍ അനുസ്മരിച്ചു.
പ്രാര്‍ത്ഥനയിലും യേശുവുമായുള്ള ആത്മബന്ധത്തിലും ശക്തി കണ്ടെത്തിയ ബ്രോച്ചേറോ, കുരിശുരൂപവും ജപമാലയും കൈമുതലാക്കി സുവിശേഷം പ്രചരിപ്പിച്ചവെന്നും, ധ്യാനജീവിതത്തോടൊപ്പം മറ്റുള്ളവരെ ദൈവത്തോടടുപ്പിക്കാന്‍ മാമാ അന്തൂല പരിശ്രമിച്ചിരുന്നുവെന്നും പാപ്പ പറഞ്ഞു.
ദൈവത്തെ അറിയാത്തവരിലേക്ക് സുവിശേഷത്തിന്റെ സദ്വാര്‍ത്ത എത്തിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യവും ലക്ഷ്യവും. ഈ മാതൃക നാം പിന്തുടരേണ്ടതുണ്ട്. ക്രിസ്തുവിന്റെ കുരിശിലാണ് മനുഷ്യന്റെ രക്ഷയും വിശുദ്ധിയിലേക്കുള്ള വഴിയും അടങ്ങിയിരിക്കുന്നത്.
ദൈവകൃപയില്‍ ആശ്രയിച്ച് വിശുദ്ധിയിലേക്ക് മുന്നേറാനും 'നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന്' യേശുവിനെക്കുറിച്ച് സാക്ഷ്യം നല്‍കാന്‍ നമുക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്, പാപ്പ സന്ദേശം ഉപസംഹരിച്ചത്. ലെയോ പാപ്പയുടെ അര്‍ജന്റീനിയന്‍ സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും.