അക്രമവും യുദ്ധവും ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത തേടാൻ ആഹ്വാനവുമായി ലിയോ പാപ്പാ
മദ്ധ്യപൂർവ്വദേശങ്ങളിലുൾപ്പെടെ എല്ലായിടങ്ങളിലും സമാധാനത്തിന്റെ പാത തേടാൻ സന്മനസ്സുള്ള മനുഷ്യർ പരിശ്രമിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഇറാൻ, അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം, തനിക്ക് മുന്നിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
കസ്തേൽ ഗന്തോൾഫോയിലുള്ള വേനൽക്കാലവസതിയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടാനൊരുങ്ങിവേ, മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ പാപ്പാ, ഇറാനിലെ മുഴുവൻ ജനതയ്ക്കുമെതിരെയുള്ള ഭീഷണി അംഗീകരിക്കാനാകാത്തതാണെന്ന് പ്രസ്താവിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒരു കരാറിലേക്കെത്തുന്നതിന് നിർബന്ധിച്ചുകൊണ്ട്, അത്തരമൊരു കരാറിന് തയ്യാറാകുന്നില്ലെങ്കിൽ ഇറാനിയൻ സംസ്കാരത്തെ മുഴുവൻ നശിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെക്കുറിച്ച് പ്രതിപാദിക്കവേയാണ് ഇത്തരമൊരു പ്രസ്താവന പരിശുദ്ധ പിതാവ് നടത്തിയത്.
അനീതിപൂർവ്വമെന്ന് ഇതിനോടകം അനേകർ വിശേഷിപ്പിച്ച നിലവിലെ സംഘർഷം, കൂടുതൽ ശക്തമായി വരികയാണെന്നും, ഇത് പ്രശ്‌നപരിഹാരത്തിന് സഹായിക്കില്ലെന്നും അഭിപ്രായപ്പെട്ട പാപ്പാ, സന്മനസ്സുള്ള മനുഷ്യർ സമാധാനത്തിന്റെ പാതയാണ് തേടേണ്ടതെന്ന്, ഈസ്റ്റർദിനത്തിലെ തന്റെ ഉർബി എത് ഓർബി സന്ദേശം പരാമർശിച്ചുകൊണ്ട് ഉദ്‌ബോധിപ്പിച്ചു.
ആഗോളതലത്തിൽ മാനവികത നേരിടുന്ന ഊർജ്ജ പ്രതിസന്ധിയും സാമ്പത്തികബുദ്ധിമുട്ടും പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു. മദ്ധ്യപൂർവ്വദേശങ്ങൾ അഭിമുഖീകരിക്കുന്ന അസന്തുലിതാവസ്ഥ ലോകത്ത് കൂടുതൽ വെറുപ്പ് പടർത്താൻ മാത്രമേ സഹായിക്കൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നയതന്ത്രമാർഗ്ഗത്തിലൂടെ സമാധാനചർച്ചകൾക്ക് തയ്യാറാകണമെന്നും, അതുവഴി സമാധാനപൂർണ്ണമായ മാർഗ്ഗത്തിലൂടെ പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
ഇതിനോടകം കുഞ്ഞുങ്ങളും വയോധികരും രോഗികളുമടക്കം നിരവധി നിഷ്കളങ്കർ ഈ സംഘർഷങ്ങളുടെ ഇരകളായിട്ടുണ്ടെന്നും, ഇനിയും ഇരകളാകാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാ ജനതകളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സമാധാനത്തിനായി പരിശ്രമിക്കാൻ തങ്ങളുടെ രാഷ്ട്രീയനേതൃത്വങ്ങളോട് ആവശ്യപ്പെടാൻ ജനതകൾ പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.