ഏറ്റവും എളിയവരില്‍ ക്രിസ്തുവിന്റെ നോട്ടം തിരിച്ചറിയാന്‍ ആഹ്വാനം ചെയ്ത് ലെയോ പാപ്പ
ഏറ്റവും എളിയവരില്‍ ക്രിസ്തുവിന്റെ നോട്ടം തിരിച്ചറിയുന്നത് മനുഷ്യരെന്ന നിലയിലും ക്രൈസ്തവസമൂഹമെന്ന നിലയിലും നമ്മെ വളര്‍ത്തുന്ന ഒന്നാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ പരിചരിക്കുന്നതിനായി മാര്‍സെലിനോ കാസാസ് എന്ന വൈദികന്‍ നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച, സ്‌പെയിനിലെ ടോളിഡോയിലുള്ള 'മാര്‍സോഡെറ്റോ ഫെഡറേഷന്‍' പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
വി. പത്രോസിന്റെ സിംഹാസനത്തിലേക്ക് തീര്‍ഥാടനം നടത്താനും ഈ പ്രസ്ഥാനത്തിന്റെ 45 വര്‍ഷത്തെ സേവനത്തിന് ദൈവത്തിന് നന്ദിയര്‍പ്പിക്കാന്‍ റോമിലേക്ക് യാത്ര ചെയ്തതിനും ലെയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ നന്ദി അറിയിച്ചു. ''ഈ ഫെഡറേഷന്റെ പ്രവര്‍ത്തനം കഠിനമായ ഒന്നാണെന്നും, ആരും കാണാത്ത, ദൈവത്തിന് മാത്രം പ്രതിഫലം നല്‍കാന്‍ കഴിയുന്ന ധാരാളം നിശ്ശബ്ദസേവനങ്ങള്‍ ഇതിലുണ്ട്. ഓരോ വ്യക്തിയുടെയും മുഖത്ത് യേശുക്രിസ്തുവിനെ തന്നെ കണ്ടെത്തുമ്പോള്‍ അത് ഏറെ സംതൃപ്തി നല്‍കുന്നു,'' പരിശുദ്ധ പിതാവ് പറഞ്ഞു.
''സുവിശേഷത്തില്‍ നമ്മള്‍ കേള്‍ക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത് എന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു.' ഏറ്റവും എളിയവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ നമ്മെ ഉണര്‍ത്തുന്ന ക്രിസ്തുവിന്റെ നോട്ടം തിരിച്ചറിയാന്‍ കഴിയുന്നത് ഒരു മാനുഷിക-ക്രൈസ്തവസമൂഹമെന്ന നിലയില്‍ നമ്മെ വളര്‍ത്തുന്ന ഒന്നാണ്,'' പാപ്പ കൂട്ടിച്ചേര്‍ത്തു.
ബുദ്ധിപരമായ വെല്ലുവിളികളും സെറിബ്രല്‍ പാള്‍സിയും നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്നത് പരസ്പരസഹായം, മാനുഷിക അന്തസ്സിന്റെ സംരക്ഷണം, പൂര്‍ണ്ണമായ ഉള്‍കൊള്ളല്‍ എന്നീ മൂല്യങ്ങളെയാണ് പ്രകടമാക്കുന്നതെന്നും പാപ്പ പറഞ്ഞു.