അഭയാര്‍ഥികളായ കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും ആഹ്വാനം ചെയ്ത് ലെയോ പാപ്പ
അഭയാര്‍ഥി പ്രവാഹ വഴികളില്‍ അക്രമത്തിനും ചൂഷണത്തിനും മാനസിക ആഘാതങ്ങള്‍ക്കും ഇരയാകുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ ആഹ്വാനം ചെയ്തു. 'ഈ കുട്ടികളില്‍ ഒരാളെങ്കിലും' എന്നതാണ് 112-ാമത് ആഗോള കുടിയേറ്റ-അഭയാര്‍ഥി ദിനത്തിന്റെ പ്രമേയം.
''സെപ്റ്റംബര്‍ 27 ഞായറാഴ്ച ലോക കുടിയേറ്റ-അഭയാര്‍ഥി ദിനമായി ആചരിക്കുകയാണ്,'' സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനത്തില്‍ സംസാരിക്കവെ മാര്‍പാപ്പ പറഞ്ഞു. സ്വന്തം ജന്മനാട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും അഭയാര്‍ഥികളെയുമാണ് താന്‍ ഈ നിമിഷം ഓര്‍ക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
''കുട്ടികളും കൗമാരക്കാരുമാണ് ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്,'' അക്രമം, പീഡനം, ചൂഷണം, മാനസിക ആഘാതങ്ങള്‍ തുടങ്ങിയ വിവരണാതീതമായ ദുരിതങ്ങള്‍ അവര്‍ നേരിടുന്നുണ്ടെന്നും പലപ്പോഴും അഭയാര്‍ഥി വഴികളില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. ''എല്ലാവരുടെയും ഉത്തരവാദിത്വബോധത്തോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, എപ്പോഴും സംരക്ഷിക്കപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യേണ്ട ഈ ചെറുപ്പക്കാരുടെ ജീവിതത്തില്‍ എല്ലാവരും വ്യക്തിപരമായി പങ്കാളികളാണെന്ന് മനസ്സിലാക്കുക,'' പാപ്പ പറഞ്ഞു.
സെപ്റ്റംബര്‍ 27 ന് സഭ ലോക കുടിയേറ്റ-അഭയാര്‍ഥി ദിനം ആഘോഷിക്കാന്‍ ഒരുങ്ങവെയാണ് ലെയോ മാര്‍പാപ്പയുടെ ഈ ആഹ്വാനം. കുടിയേറ്റത്തിലും നിര്‍ബന്ധിത പലായനത്തിലും പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നതെന്ന് മാര്‍പാപ്പ അനുസ്മരിക്കുന്നു.
യുദ്ധം, ദാരിദ്ര്യം, അക്രമം, പരിസ്ഥിതി ദുരന്തങ്ങള്‍, മറ്റ് ദുരന്തങ്ങള്‍ എന്നിവ മൂലം ദശലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും തങ്ങളുടെ ജന്മനാട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് പാപ്പ പറഞ്ഞു. സങ്കടകരമെന്നു പറയട്ടെ, അവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കുടിയേറ്റ പാതകളിലെ മരണങ്ങള്‍, മനുഷ്യക്കടത്തും ചൂഷണവും, സായുധ സംഘട്ടനങ്ങള്‍ക്കായി കുട്ടികളെ റിക്രൂട്ട് ചെയ്യല്‍, ലൈംഗിക അതിക്രമങ്ങള്‍, നിര്‍ബന്ധിത വിവാഹങ്ങള്‍, യാത്രകള്‍ക്കിടയില്‍ അവര്‍ നേരിടേണ്ടി വന്നതോ, കണ്ടതോ ആയ ക്രൂരതകള്‍ എന്നിവയിലേക്കും പാപ്പ വിരല്‍ ചൂണ്ടുന്നു. എണ്ണമറ്റ രീതിയിലാണ് അവരുടെ ആത്മാഭിമാനം ചവിട്ടിമെതിക്കപ്പെടുന്നത്. എങ്കിലും, ഈ പ്രതിസന്ധിയെ വെറുമൊരു സ്ഥിതിവിവരക്കണക്കായി ചുരുക്കാനാകില്ലെന്ന് മാര്‍പാപ്പ ഊന്നിപ്പറയുന്നു.
ഈ കണക്കില്‍ 4.16 കോടി അഭയാര്‍ഥികളും, 90 ലക്ഷം അഭയം തേടുന്നവരും, ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലം സ്വന്തം രാജ്യങ്ങളില്‍ തന്നെ അഭയാര്‍ഥികളായ 6.87 കോടി ആളുകളും ഉള്‍പ്പെടുന്നു. ആട്ടിപ്പായിക്കപ്പെട്ട ജനസംഖ്യയില്‍ വലിയൊരു പങ്കും കുട്ടികളാണ്. 2025 അവസാനത്തോടെ ആട്ടിപ്പായിക്കപ്പെട്ട 11.78 കോടി ആളുകളില്‍ 18 വയസ്സില്‍ താഴെയുള്ള 4.5 കോടി കുട്ടികളുണ്ടെന്നാണ് UNHCR കണക്കാക്കുന്നത്. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമായ അഭയാര്‍ഥികളില്‍ 39 ശതമാനവും കുട്ടികളായിരുന്നു.