രക്തസാക്ഷികളുടെ സംരക്ഷണത്തിനും ദൈവവിളികൾക്കും വേണ്ടി പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ലിയോ പാപ്പാ

 
Leo

ദാഹാവ് നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) നിന്ന് ആളുകളെ മോചിപ്പിച്ചതിന്റെ വാർഷികാചരണദിനത്തിൽ, പോളണ്ടിലെ വൈദികരക്തസാക്ഷികളെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്, പോളണ്ടിൽ കൊല്ലപ്പെട്ട മെത്രാന്മാരും വൈദികരുമടങ്ങുന്ന രക്തസാക്ഷികളുടെ ഓർമ്മയാണ് നാം ഇതേ ദിവസം ആചരിക്കുന്നതെന്ന്, ഏപ്രിൽ 29 ബുധനാഴ്ച്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച അവസരത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപതികൾ മൂലം രക്തസാക്ഷികളായ മെത്രാന്മാരുടെയും വൈദികരുടെയും സെമിനാരിക്കാരുടെയും പ്രാർത്ഥനാ സഹായത്തിനും സംരക്ഷണത്തിനുമായി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

ഇന്നത്തെ യുവജനങ്ങൾ, ദൈവത്തിന്റെ വിളിക്ക് ധൈര്യപൂർവ്വം പ്രത്യുത്തരം നൽകാൻ ശക്തിയുള്ളവരാകാൻ വേണ്ടി ഈ രക്തസാക്ഷികൾ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അഡോൾഫ് ഹിറ്റ്ലറിന് കീഴിൽ, പ്രധാനമായും രാഷ്ട്രീയവൈരത്തിന്റെയും വംശ വിരോധത്തിന്റെയും, പ്രത്യേകിച്ച് യഹൂദർക്കെതിരായ വിരോധത്തിന്റെയും പേരിൽ തടവുകാരാക്കപ്പെടുന്നവർക്കായി പോളണ്ടിലെ ദാഹാവിൽ 1933 മാർച്ച് 23-ന് ആരംഭിച്ച ഈ ക്യാമ്പ് 1945 ഏപ്രിൽ 29-ന് പിടിച്ചെടുക്കപ്പെടുന്നതിനോടകം പതിനായിരക്കണക്കിന് ആളുകൾ അവിടെ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജർമ്മനിയിൽനിന്നുള്ളവരുൾപ്പെടെ മൂവായിരത്തിനടുത്ത് വൈദികരാണ് ഈ ക്യാമ്പിൽ തടവിലുണ്ടായിരുന്നത്.

നിർബന്ധിത തൊഴിലിനും, മെഡിക്കൽ പരീക്ഷണങ്ങൾക്കും ഉപയോഗിക്കപ്പെട്ട തടവുകാർ, മാനുഷികമായി ചിന്തിക്കാൻ പോലും ആകാത്തത്ര പരിതാപകരമായ അവസ്ഥയിലാണ് ജീവിച്ചതും, മരണശേഷം മറവുചെയ്യപ്പെട്ടതും. അമേരിക്കൻ ഇടപെടലോടെ സ്വതന്ത്രമാക്കപ്പെട്ട ഈ ക്യാമ്പിൽ നിരവധി മൃതദേഹങ്ങൾ മറവു ചെയ്യപ്പെടാതെ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Tags

Share this story

From Around the Web