ഇറാനിലുള്‍പ്പെടെ സംഘര്‍ഷമേഖലകളില്‍ സമാധാനത്തിനും സംവാദങ്ങള്‍ക്കും ആഹ്വാനം ചെയ്ത് ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത് മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ പ്രത്യേകിച്ച് ഇറാനിലും സിറിയയിലും സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ സമാധാനസ്ഥാപനത്തിനും അതിലേക്ക് നയിക്കുന്ന സംവാദങ്ങള്‍ക്കും ആഹ്വാനം ചെയ്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ.
ജനുവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനില്‍ ത്രികാലജപപ്രാര്‍ത്ഥന നയിച്ച വേളയിലാണ്, ലോകത്തിന്റെ വിവിധ മേഖലകളില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളെയും അവയുടെ ഇരകളെയും പാപ്പാ അനുസ്മരിച്ചത്.
ഇറാനില്‍ നടന്നുവരുന്ന ശക്തമായ സംഘര്‍ഷങ്ങള്‍ നിരവധിയാളുകളുടെ മരണത്തിന് കാരണമാകുകയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ക്ഷമയോടെ, സംവാദവും സമാധാനവും വളര്‍ത്താനും, അതുവഴി മുഴുവന്‍ സമൂഹത്തിന്റെയും പൊതുനന്മയിലേക്കെത്താനും സാധിക്കട്ടെയെന്ന് താന്‍ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഉക്രൈനുനേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെയും പാപ്പാ അപലപിച്ചു. കടുത്ത ശൈത്യത്തിന്റെ കൂടി പശ്ചാത്തലത്തില്‍ രാജ്യത്തെ ഊര്‍ജ്ജോത്പാദക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ പ്രദേശത്തെ സാധാരണ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
വിവിധ സംഘര്‍ഷങ്ങള്‍ മൂലം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവര്‍ക്ക് പരിശുദ്ധ പിതാവ് തന്റെ പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്‍കി.
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇറാനിലെ രാഷ്ട്രീയനേതൃത്വത്തിനെതിരെ പ്രക്ഷോഭണങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്തിടെ ഈ പ്രക്ഷോഭങ്ങള്‍ വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചതിനെത്തുടര്‍ന്ന്, സുരക്ഷാസേന അവയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവരികയായിരുന്നു.
സിറിയയിലാകട്ടെ, സാമൂഹ്യ, സുരക്ഷാ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരുന്നുവെന്നും, അലെപ്പോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ എസ്.ഡി.എഫ്. എന്ന കുര്‍ദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയന്‍ സായുധസേനയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അലെപ്പോയിലെ ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം ഏതാണ്ട് ഒന്നര ലക്ഷത്തോളം ആളുകള്‍ നിലവില്‍ ആഷാഫിയെ ഷെയ്ക്ക് മഖ്സൗദ് പ്രദേശങ്ങളില്‍നിന്ന് നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കാരിത്താസ് സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു.