പശ്ചിമേഷ്യയിൽ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് നയതന്ത്ര പാതയിലേക്ക് മടങ്ങണമെന്ന് ലെയോ പാപ്പ
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. മേഖലയിലെ സൈനിക ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത തുറക്കണമെന്നും മാർപാപ്പ വിവിധ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. വത്തിക്കാനിൽ നടത്തിയ പ്രസ്താവനയിൽ ആണ് പാപ്പാ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.
ആക്രമണങ്ങൾ തീവ്രമാകുന്നത് ജനജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. പരസ്പരമുള്ള ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സുസ്ഥിരമായ സമാധാനം കെട്ടിപ്പടുക്കാൻ സാധിക്കില്ല.
നാശവും വേദനയും മരണവും മാത്രമാണ് ആയുധങ്ങൾ സമ്മാനിക്കുന്നത്. ആത്മാർത്ഥവും ഉത്തരവാദിത്തമുള്ളതുമായ ചർച്ചകളിലൂടെ മാത്രമേ യഥാർത്ഥ സമാധാനം കൈവരിക്കാനാകൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചു.
മേഖലയിൽ നടക്കുന്ന ആക്രമണങ്ങൾ ഉടൻ നിർത്തിവെക്കണം എന്നും യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം സാധാരണക്കാർ കൊല്ലപ്പെടുകയും കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
ഒപ്പം ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളും വിശ്വാസികളും പശ്ചിമേഷ്യയിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും, ഭരണാധികാരികളിൽ സമാധാന ചിന്ത ഉദിക്കാൻ പ്രാർത്ഥനകൾ തുടരണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.