സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം: സമാധാനസ്ഥാപനത്തിന് ആഹ്വാനവുമായി ലിയോ  പാപ്പാ

 
LEO 14



വത്തിക്കാന്‍സിറ്റി: യുദ്ധത്തിനും ആക്രമണങ്ങള്‍ക്കും ഉപയോഗിക്കുന്ന വിഭവങ്ങളും സമ്പത്തും വികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിനിയോഗിക്കാന്‍ ആഹ്വാനവുമായി ലിയോ  പാപ്പാ. 

സെപ്റ്റംബര്‍ ഒന്നാം തീയതി ആചരിക്കപ്പെടുന്ന 'സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിന'ത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ തന്റെ സന്ദേശത്തില്‍, സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയിലും, അതുവഴി പ്രകൃതിയിലും ഉത്തരവാദിത്വപരമായ രീതിയില്‍ ഇടപെടാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.

ആയുധങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റണമെന്ന്, ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിലെ 'അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും' (ഏശയ്യാ 2, 4) എന്ന വചനത്തെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു. 

നാശത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ജീവന്‍ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകാരണങ്ങളാക്കി മാറ്റേണ്ടത് സമകാലീനലോകത്തിന്റെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. 

കുന്തങ്ങള്‍ വാക്കത്തിയായി മാറ്റാനുള്ള പ്രവാചകക്ഷണം രാജ്യങ്ങള്‍ക്ക് മാത്രമല്ല, ഓരോ മനുഷ്യര്‍ക്കും മുന്നിലുള്ള ആഹ്വാനമാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

യുദ്ധങ്ങളും പരിസ്ഥിതി നാശവും

യുദ്ധം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തുന്നതിന് പുറമെ കുടുംബങ്ങളെ തകര്‍ക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, അതേസമയം, യുദ്ധം പരിസ്ഥിതിക്കും ഗുരുതരമായ നാശമുണ്ടാക്കുന്നുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

 ജലവും വായുവും മലിനമാകുന്നതോടെ ഭക്ഷ്യസുരക്ഷ തകരുകയും ദാരിദ്ര്യവും അസമത്വവും സാമൂഹിക സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

ഹൃദയത്തില്‍ ആരംഭിക്കേണ്ട മാറ്റം

അക്രമവും അനീതിയും പരിസ്ഥിതി നാശവും അപൂര്‍ണമായ സാമൂഹിക സംവിധാനങ്ങളുടെ മാത്രം ഫലമല്ലെന്നും മനുഷ്യഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുമായി അവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ലിയോ പതിനാലാമന്‍ പാപ്പാ, അതുകൊണ്ടുതന്നെ സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കാന്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഹൃദയങ്ങളുടെ നവീകരണവും ആവശ്യമാണെന്ന് പ്രസ്താവിച്ചു.

നശീകരണത്തിനുവേണ്ടിയുള്ള ആയുധങ്ങളല്ല, സത്യം, സംവാദം, ക്ഷമ, നന്മ, നീതി, കരുണ, മറ്റുളളവരെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍, കരുതല്‍, സ്‌നേഹം തുടങ്ങിയവയാണ് യഥാര്‍ത്ഥ സമാധാനത്തിന്റെ ഉപകരണങ്ങളെന്ന് പറഞ്ഞ പാപ്പാ, യുദ്ധത്തിനായി വിനിയോഗിക്കുന്ന ഊര്‍ജവും വിഭവങ്ങളും ദരിദ്രരുടെ ക്ഷേമത്തിനും മനുഷ്യവികസനത്തിനും സൃഷ്ടിയുടെ സംരക്ഷണത്തിനുമായി മാറ്റിവയ്ക്കുന്ന ഒരു ലോകമാണ് നാം ലക്ഷ്യം വയ്ക്കേണ്ടതെന്ന് ഉദ്ബോധിപ്പിച്ചു.

മനുഷ്യഹൃദയത്തിന്റെ പരിവര്‍ത്തനത്തിലൂടെ ആരംഭിക്കുന്ന ഈ സമാധാനം, കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്താകമാനവും പ്രതിഫലിക്കേണ്ടതുണ്ടെന്നും തന്റെ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് എഴുതി. ''വാളുകള്‍ യഥാര്‍ത്ഥത്തില്‍ കൊഴുവായി മാറുന്ന'' കാലത്തിനായി വിശ്വാസത്തോടും ധൈര്യത്തോടും കൂടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ക്രിസ്തുവിന്റെ സമാധാനം സൃഷ്ടലോകത്ത് മുഴുവന്‍ ഭരിക്കട്ടെയെന്ന ആശംസയോടെയാണ്, പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15-ന് ഒപ്പിട്ട തന്റെ സന്ദേശം പാപ്പാ അവസാനിപ്പിച്ചത്.

2015-ല്‍ ഫ്രാന്‍സിസ് പാപ്പായാണ് 'ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിന്റെ കൂടി പശ്ചാത്തലത്തില്‍, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം മുന്നില്‍ക്കണ്ട് ഇത്തരമൊരു ദിനാചരണം സ്ഥാപിച്ചത്. സെപ്റ്റംബര്‍ 1-ന് ആരംഭിക്കുന്ന 'സൃഷ്ടിയുടെ സമയം' എന്ന നീതിയുടെയും, ഭൂമിയോടുള്ള പരിഗണനയുടെയും പ്രത്യേക കാലം ഒക്ടോബര്‍ 4-ന് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തിലാണ് അവസാനിക്കുന്നത്. 

Tags

Share this story

From Around the Web