കുസ്‌കോയില്‍ ആവേശം പകര്‍ന്ന് ലെയോ പാപ്പ; പെറു സന്ദര്‍ശനം പരിസമാപ്തിയിലേക്ക്
കൂസ്‌കോ (പെറു): ദൈവത്തെ തേടുന്ന മനുഷ്യര്‍ക്ക് മുന്നില്‍ മനുഷ്യനെ തേടിവരുന്ന ദൈവത്തെയാണ് ക്രൈസ്തവ വിശ്വാസം കാണിച്ചുതരുന്നതെന്നും, വിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ഭക്താനുഷ്ഠാനങ്ങള്‍ സാഹോദര്യത്തിനും സമാധാനത്തിനും ഐക്യത്തിനും സഹായിക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ. പെറുവില്‍ സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ കൂസ്‌കോയിലെ സാക്‌സായ്വാമന്‍ ദേശീയ പുരാവസ്തു പാര്‍ക്കില്‍, ജനകീയ ഭക്തസംഘടനകളുടെ പ്രതിനിധികളുമൊത്ത് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ജനകീയ ഭക്താനുഷ്ടാനങ്ങള്‍ കേവലം സാംസ്‌കാരിക ആഘോഷങ്ങളായി ഒതുങ്ങാതെ, ദൈവത്തെ അന്വേഷിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയും ആത്മീയ അനുഭവവുമെന്ന നിലയില്‍, സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വേദികളായി മാറണം. ദൈവമാതാവിനോടുള്ള വിശ്വാസവും, വിശുദ്ധരോടുള്ള വണക്കവും പോലെയുള്ള ഭക്തിയുടെ പ്രകടനമായ സംഗീതം, നൃത്തം തുടങ്ങിയ രീതികളും പാരമ്പര്യങ്ങളും സുവിശേഷ പ്രഘോഷണത്തിനുള്ള ശക്തമായ മാര്‍ഗങ്ങളാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ഭിന്നതകളും മുറിവുകളും ഭീതിയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, വിശ്വാസത്തിന്റെ പ്രകാശത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ വിശ്വാസപരമ്പര്യങ്ങള്‍ക്ക് മനുഷ്യരെ ഒരുമിച്ച് കൂട്ടാനും, ഐക്യം പ്രോത്സാഹിപ്പിയ്ക്കാനും കഴിവുണ്ട്.
സമൂഹത്തില്‍ അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും ചിന്തകള്‍ ഉയര്‍ത്താനും വിശ്വാസപരമായ ചിന്തകള്‍ സഹായിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, പുതുതലമുറകളിലേക്ക് ജനകീയ ഭക്താനുഷ്ഠാനങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടതിന്റെയും, വിശുദ്ധരുടെ ജീവിതചരിത്രമുള്‍പ്പെടെയുള്ളവ പറഞ്ഞുകൊടുക്കേണ്ടതിന്റെയും പ്രാധാന്യവും തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.
നസ്രത്തിലെ സാധാരണ ഒരു കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവന്നാണ് ദൈവം മറിയത്തെ തന്റെ രക്ഷാകരപദ്ധതിയില്‍ പങ്കാളിയാക്കിയതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പുരാതനകാലങ്ങളില്‍ സാക്‌സായ്വാമന്‍ പാര്‍ക്കുപോലെയുള്ള ഇടങ്ങളില്‍ മനുഷ്യര്‍ ദൈവത്തെ തേടി പോയിരുന്നുവെങ്കില്‍, ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നത് തന്റെ മക്കളായ മനുഷ്യരെ തേടി വരുന്ന ദൈവത്തെക്കുറിച്ചാണെന്ന് പാപ്പ പറഞ്ഞു.
ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പാര്‍ക്കിലേക്ക് പാപ്പ എത്തിയ വഴിയില്‍ അഞ്ചുലക്ഷത്തോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലെയോ പാപ്പയുടെ പെറു സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.