ഈശോയുടെ തിരുവസ്ത്രത്തെ വണങ്ങുന്ന ആദ്യ മാര്‍പാപ്പയായി ചരിത്രത്തില്‍ ഇടംപിടിച്ച് ലെയോ പാപ്പ

 
leo papa


ഈശോയുടെ പീഡാസഹനവേളയില്‍ ധരിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന, ഫ്രാന്‍സിലെ ആര്‍ജന്റോയില്‍ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അങ്കി വണങ്ങുന്ന ചരിത്രത്തിലെ ആദ്യത്തെ മാര്‍പാപ്പയായി ലെയോ പതിനാലാമന്‍ പാപ്പ. 

ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി പാരിസിലെ 'സ്റ്റേഡ് ഡി ഫ്രാന്‍സ്' സ്റ്റേഡിയത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാ വേളയിലാണ് മാര്‍പാപ്പ തിരുശേഷിപ്പിന് മുന്നില്‍ പ്രാര്‍ഥനാനിരതനായത്.

ആര്‍ജന്റോയിലെ വിശുദ്ധ ഡെനിസ് ബസിലിക്കയില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് തിരുശേഷിപ്പ് യുവജനങ്ങള്‍ ജാഗരണ പ്രാര്‍ഥന നടന്ന സ്റ്റേഡിയത്തില്‍ എത്തിച്ചത്.

 17 നും 35 നും ഇടയില്‍ പ്രായമുള്ള എണ്‍പതിനായിരത്തോളം വരുന്ന യുവാക്കളും വിശുദ്ധ അങ്കി വണങ്ങുന്ന ചടങ്ങില്‍ മാര്‍പാപ്പയ്ക്കൊപ്പം പങ്കെടുത്തു.


ഫ്രാന്‍സില്‍ 1,200-ല്‍ പരം വര്‍ഷങ്ങളായി വണങ്ങപ്പെടുന്ന ഈ വിശുദ്ധ തിരുശേഷിപ്പ് സാധാരണയായി 50 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൊതുദര്‍ശനത്തിന് വയ്ക്കാറുള്ളത്. 

ക്രൂശിതനാകുന്നതിന് തൊട്ടുമുമ്പ് ക്രിസ്തു ധരിച്ചിരുന്ന തുന്നലുകളില്ലാത്ത ഒറ്റ വസ്ത്രമാണിതെന്നാണ് ക്രൈസ്തവ പാരമ്പര്യം. 

ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പ്രദേശത്തെ വികാരി ഈ അങ്കി പല കഷണങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു. 

പിന്നീട് 19-ാം നൂറ്റാണ്ടില്‍ വീണ്ടെടുത്ത കഷണങ്ങള്‍ ഒന്നിച്ച് ചേര്‍ത്താണ് നിലവിലുള്ള രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ആര്‍ജന്റോയിലെ വിശുദ്ധ അങ്കി നേരിട്ട് കണ്ട് വണങ്ങുന്നത്. 

ഇതിന് മുന്നോടിയായി പാരിസിലെ നോട്രെ-ദാം കത്തീഡ്രലില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയില്‍ മാര്‍പാപ്പ പങ്കെടുക്കുകയും ക്രിസ്തുവിന്റെ മുള്‍കിരീടത്തിന്റെ തിരുശേഷിപ്പിന് മുന്നില്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web