ജനാസ്സാനോയിലെ 'മദര്‍ ഓഫ് ഗുഡ് കൗണ്‍സില്‍' ദൈവാലയത്തില്‍ തീര്‍ഥാടകനായി ലെയോ പാപ്പ

 
leo papa

റോമില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള മധ്യകാല ഇറ്റാലിയന്‍ പട്ടണമായ ജനാസ്സാനോയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തി. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവി തിരുനാളിന്റെ തലേദിവസമായ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം ആറുമണിക്ക് പാപ്പ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു.

മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസത്തിനു ശേഷം, അതായത് 2025 മെയ് പത്തിന് പാപ്പ ജനാസ്സാനോയില്‍ വ്യക്തിപരമായ ഒരു സന്ദര്‍ശനം നടത്തിയിരുന്നു. തന്റെ ജീവിതത്തിലുടനീളം മാതൃസാന്നിധ്യത്താലും ജ്ഞാനത്താലും തന്റെ പുത്രനോടുള്ള സ്‌നേഹത്തിന്റെ മാതൃകയാലും തന്നെ വഴിനടത്തിയ പരിശുദ്ധ അമ്മയോടുള്ള പാപ്പയുടെ ഭക്തിയുടെ ആവിഷ്‌കാരമാണ് ഈ സന്ദര്‍ശനം. 

അധികാരികളും അഗസ്റ്റീനിയന്‍ സമൂഹവും തിവോളി, പലെസ്ത്രീന രൂപതകളുടെ ബിഷപ്പ് മൗറോ പര്‍മേജിയാനിയും ചേര്‍ന്ന് മാര്‍പാപ്പയെ സ്വീകരിച്ചു.


വൈകുന്നേരം 5.30 ന് വത്തിക്കാന്‍ മ്യൂസിയത്തിലെ ചിത്രങ്ങളുടെയും മര ഉരുപ്പടികളുടെയും പുനരുദ്ധാരണ വിഭാഗത്തിലെ മുന്‍ വുദഗ്ധനായ മാര്‍ക്കോ ഇന്നോചെന്‍സി വരച്ച ചിത്രം പാപ്പ അനാച്ഛാദനം ചെയ്തു. 

ലെയോ മാര്‍പാപ്പ പ്രാര്‍ഥനാപീഠത്തില്‍ മുട്ടുകുത്തി മാതാവിന്റെ ചിത്രത്തിലേക്ക് നോക്കുന്നതാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ജനാസ്സാനോ സന്ദര്‍ശിച്ച മാര്‍പാപ്പമാരുടെ ചിത്രങ്ങളടങ്ങിയ ചാപ്പലിലാണ് ഈ ചിത്രവും സൂക്ഷിക്കുക. 1630 ല്‍ പകര്‍ച്ചവ്യാധി ബാധിച്ച ഇറ്റലിയെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ച ഉര്‍ബന്‍ എട്ടാമന്‍, നല്ല ഉപദേശത്തിന്റെ മാതാവിനോട് വലിയ ഭക്തി പുലര്‍ത്തുകയും 1864 ഓഗസ്റ്റ് 15 ന് ഇവിടെ തീര്‍ഥാടനം നടത്തുകയും ചെയ്ത വാഴ്ത്തപ്പെട്ട പിയൂസ് ഒന്‍പതാമന്‍, 1959 ഓഗസ്റ്റ് 25 ലെ സന്ദര്‍ശനത്തിനു ശേഷം ചിത്രം സ്ഥാപിക്കപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍, അല്‍ബേനിയന്‍ അപ്പസ്‌തോലിക് യാത്രയ്ക്കു മുന്നോടിയായി 1993 ഏപ്രില്‍ 22 ന് ഇവിടെ പ്രാര്‍ഥിച്ച വി. ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരും ഈ പട്ടികയിലുണ്ട്.

Tags

Share this story

From Around the Web