സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് അസീസിയുടെ മണ്ണിലേക്ക് ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ലോക മതസമാധാന ദിനത്തിന്റെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സാന്ത് എജിദിയോ സമൂഹം ഇറ്റലിയിലെ അസീസിയില്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു.
'നിരായുധീകരിക്കപ്പെട്ടതും നിരായുധീകരിക്കുന്നതുമായ സമാധാനം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ നാടകീയമായി വര്‍ദ്ധിച്ചുവരുന്നതും രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുദ്ധത്തെ വീണ്ടും ഒരു മാര്‍ഗ്ഗമായി കാണുന്ന ആശങ്കാജനകമായ അന്തരീക്ഷവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ഈ സമ്മേളനത്തിന്റെ പ്രസക്തി വളരെ വലുതാണ്.
ഇറ്റലിയില്‍ നിന്ന് മാത്രമല്ല വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള ആളുകളും ഈ സമ്മേളനത്തില്‍ സംബന്ധിക്കും.
സമാധാനവും അത് കെട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തരാവസ്ഥയും അതോടൊപ്പം പാരിസ്ഥിതിക പ്രതിസന്ധിയും സ്വന്തം നാടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും വര്‍ദ്ധനവ് ഉള്‍പ്പെടുന്ന മാനുഷിക പ്രതിസന്ധിയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
സമ്മേളനത്തിന്റെ അവസാന ദിവസമായ ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും സമ്മേളനത്തില്‍ സംബന്ധിക്കും. ഇത് സംബന്ധിച്ച സ്ഥിരീകരണം അസീസി ആശ്രമത്തിന്റെ അധിപന്‍ ഫ്രെയര്‍ മാര്‍ക്കോ മൊറോണിക്കാണ് ലഭിച്ചത്.
യുദ്ധങ്ങളാലും ഭിന്നതകളാലും മുറിവേറ്റ ഈ കാലഘട്ടത്തില്‍ പരസ്പര കൂടിക്കാഴ്ചയുടെയും സംവാദത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ശക്തിയെ അസീസി വീണ്ടും ലോകത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അവിടെ പരിശുദ്ധ പിതാവിന്റെ സാന്നിധ്യം ഏറെ വിലപ്പെട്ടതാണെന്നും പറഞ്ഞ ഫാ മാര്‍ക്കോ പാപ്പായുടെ അസീസി സന്ദര്‍ശന പ്രഖ്യാപനത്തെ ഞങ്ങള്‍ വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഇരുപതാം തീയതി പാപ്പാ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ കല്ലറ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് മാസം ആറാം തീയതിയും പോര്‍സ്യുങ്കോളയില്‍ വച്ച് യുവജനങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.