മതസൗഹാര്‍ദ സമാധാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ലെയോ പാപ്പ അസീസിയിലെത്തും
മതസൗഹാര്‍ദ സമാധാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലെയോ പാപ്പ മൂന്നാം തവണ അസീസി സന്ദര്‍ശിക്കും. 'സാന്ത് എജീഡിയോ (Sant'Egidio) കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെ 'ആയുധമില്ലാത്ത, ആയുധങ്ങളെ ഉപേക്ഷിപ്പിക്കുന്ന സമാധാനം' എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര സംഗമം സംഘടിപ്പിക്കുന്നത്.
1986 ഒക്ടോബര്‍ 27 ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം നടന്ന ചരിത്രപ്രസിദ്ധമായ അസീസി പ്രാര്‍ഥനാ സംഗമത്തിന്റെ നാല്‍പതാം വാര്‍ഷികമാണ് ഈ ചടങ്ങിലൂടെ അനുസ്മരിക്കുന്നത്. 1209 ല്‍ അസീസിയിലെ വി. ഫ്രാന്‍സിസ് തന്റെ ദൈവവിളി തിരിച്ചറിയുകയും 'ഓര്‍ഡര്‍ ഓഫ് ഫ്രിയേഴ്‌സ് മൈനര്‍' സ്ഥാപിക്കുകയും ചെയ്ത പോര്‍സ്യുങ്കോളയ്ക്കു മുന്നില്‍ ലോകത്തിലെ പ്രധാന മതനേതാക്കള്‍ അന്ന് സമാധാനത്തിനായി ഒന്നിച്ചു പ്രാര്‍ഥിച്ചിരുന്നു.
സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പയുടെ സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. പാപ്പയോടൊപ്പം അന്നേ ദിവസത്തെ പ്രധാന ചടങ്ങുകളില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനും പങ്കാളിയാകുമെന്ന് സാന്ത് എജീഡിയോ സഭയുടെ പ്രസിഡന്റ് മാര്‍ക്കോ ഇംപാലിയാസോ സ്ഥിരീകരിച്ചു.
ഒക്ടോബര്‍ 27 ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം അസീസിയിലെത്തുന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പ, തുടക്കത്തില്‍ വിവിധ മതനേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തും. തുടര്‍ന്ന്, വി. ഫ്രാന്‍സിസിന്റെ ലോവര്‍ ബസിലിക്കയില്‍ ബര്‍ത്തലോമിയോ ഒന്നാമന്റെയും മറ്റ് വിവിധ ക്രൈസ്തവ വിഭാഗ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രാര്‍ഥനാചടങ്ങിന് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സമാധാനത്തെയും സാഹോദര്യത്തെയും ആസ്പദമാക്കി മാര്‍പാപ്പ സന്ദേശം നല്‍കും.
അതേസമയം, നഗരത്തിന്റെ 13 വ്യത്യസ്ത കേന്ദ്രങ്ങളിലായി മറ്റ് പ്രമുഖ മതവിഭാഗങ്ങളുടെ പ്രാര്‍ഥനാസംഗമങ്ങളും അതത് ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായി സമാന്തരമായി നടക്കും. പ്രാര്‍ഥനാചടങ്ങുകള്‍ക്കു ശേഷം, അസീസി ബസിലിക്കയ്ക്കു മുന്നിലെ ചത്വരത്തില്‍ (Square) നടക്കുന്ന സമാപന ചടങ്ങില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ മതനേതാക്കള്‍ക്കൊപ്പം പങ്കെടുക്കും.
വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുന്‍പ് മാര്‍പാപ്പ സമ്മേളനത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും രണ്ടാമത്തെ പൊതുസന്ദേശം നല്‍കുകയും ചെയ്യും. പങ്കെടുത്ത മുഴുവന്‍ മതപ്രതിനിധികളും ഒപ്പുവച്ച സംയുക്ത സമാധാന പ്രഖ്യാപനവും ചടങ്ങില്‍ പുറപ്പെടുവിക്കും.
1986 ലെ ചരിത്രദിനത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞ, ''സമാധാനം എന്നത് വിദഗ്ധര്‍ക്കു മാത്രം അവകാശപ്പെട്ടതല്ല, അത് ഏവര്‍ക്കുമായി തുറന്നിട്ട ഒരു നിര്‍മ്മാണശാലയാണ്'' എന്ന വാക്കുകളാണ് ഈ സംഗമത്തിനും പ്രചോദനമെന്ന് ഇംപാലിയാസോ അനുസ്മരിച്ചു.
ഐക്യരാഷ്ട്രസഭ 'അന്താരാഷ്ട്ര സമാധാന വര്‍ഷമായി' പ്രഖ്യാപിച്ച 1986 ലാണ് വിവിധ ക്രൈസ്തവസഭകളുടെയും മറ്റ് പ്രധാന മതങ്ങളുടെയും പ്രതിനിധികളെ അസീസിയിലേക്ക് വി. ജോണ്‍ പോള്‍ രണ്ടാമന്‍ ക്ഷണിച്ചത്. സ്വന്തം മതവിശ്വാസങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ മതനേതാക്കള്‍ വെവ്വേറെ സ്ഥലങ്ങളില്‍ പ്രാര്‍ഥനയ്ക്കായി അന്ന് ഒത്തുചേര്‍ന്നു.
തുടര്‍ന്ന് ക്രൈസ്തവ, യഹൂദ, മുസ്ലിം, ബുദ്ധ, ഹിന്ദു, സിഖ്, ഷിന്റോ, സോറോസ്ട്രിയന്‍ മതനേതാക്കള്‍ ഒന്നിച്ച് അസീസി ബസിലിക്കയുടെ ചത്വരത്തിലേക്ക് സമാധാന പദയാത്ര നടത്തുകയും സമാപന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
ഇത്തവണ പ്രാര്‍ഥനകള്‍ക്കു പുറമെ അഭയാര്‍ഥി പ്രശ്‌നം, സാമ്പത്തിക രംഗം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങി സമാധാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 13 ചര്‍ച്ചാവേദികളും (Dialogue forums) സംഘടിപ്പിക്കുന്നുണ്ട്.
കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, വിവിധ മതപ്രതിനിധികള്‍, അന്താരാഷ്ട്ര വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഉക്രൈന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കളും അണിനിരക്കും. മോസ്‌കോ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധി സംഘവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഒക്ടോബര്‍ 25 ന് ബസ്തിയ ഉംബ്രിയയില്‍ (Bastia Umbra) ആരംഭിക്കുന്ന സംഗമത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര മതസൗഹാര്‍ദ മുന്‍കൈകളില്‍ ഒന്നായ ഈ സംഗമത്തില്‍ 53 രാജ്യങ്ങളില്‍ നിന്നായി 384 മത-സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും.