സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷയായി സന്യാസിനിയെ നിയമിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി, കന്യാസ്ത്രീയെ നിയമിച്ച് ലെയോ പാപ്പ. ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. നിലവിലെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ സെർണിക്ക് ജൂലൈ 18ന് 80 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയിൽ സെക്രട്ടറിയായി സേവനം ചെയ്തു വരികയായിരിന്നു സിസ്റ്റർ അലസ്സാൻഡ്ര.
ഓക്സിലിയം പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷണൽ സയൻസസിൽ പ്രൊഫസറായും ഹയർ എഡ്യൂക്കേഷൻ സെന്ററിന്റെ ഡയറക്ടർ ബോർഡിലും സിസ്റ്റർ അലസ്സാൻഡ്ര സേവനം ചെയ്തു വന്നിരിന്നു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ കൗൺസിലറായും ഹ്രസ്വകാല വത്തിക്കാൻ ഫണ്ട്‌റൈസിംഗ് കമ്മീഷനിലെ അംഗമായും അവർ മുന്‍പ് സേവനമനുഷ്ഠിച്ചു. തന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സുപ്രധാന പദവികളിലേക്ക് സ്ത്രീകളെ നിയമിക്കുന്നതിനു കാണിച്ച മുന്‍ഗണന ലെയോ പാപ്പയും തുടരുന്നുവെന്നതിന്റെ തെളിവായാണ് പുതിയ നിയമനത്തെ നിരീക്ഷിക്കുന്നത്.
മനുഷ്യാവകാശങ്ങൾ, നീതി, സമാധാനം, ആരോഗ്യം, തൊഴിൽ, സൃഷ്ടി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യ വ്യക്തിയുടെ അന്തസ്സും പൊതുനന്മയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ ലക്ഷ്യം. ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെയും സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക സഭകളെ ശ്രദ്ധിക്കുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്യുന്നതും ഡിക്കാസ്റ്ററിയുടെ ഉത്തരവാദിത്വമാണ്.