ചൈനയില്‍ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ മെത്രാനെ നിയമിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി/ ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിലുള്ള ചരിത്രപരമായ കരാറിന്റെ ഭാഗമായി ചൈനയില്‍ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ കത്തോലിക്കാ മെത്രാന്റെ മെത്രാഭിഷേകം നടന്നു. ഷാന്‍ക്‌സി പ്രവിശ്യയിലെ ദാതോങ് രൂപതയുടെ പുതിയ മെത്രാനായി പൗലോസ് ലിയു ഹോങ്ഗാംഗാണ് തിങ്കളാഴ്ച അഭിഷിക്തനായത്. ചൈനയിലെ മെത്രാന്മാരെ നിയമിക്കുന്നതിനായി വത്തിക്കാനും ബെയ്ജിംഗ് ഭരണകൂടവും തമ്മില്‍ ഒപ്പുവെച്ച താത്കാലിക കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ഓഗസ്റ്റ് 10-നു ലെയോ പതിനാലാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയിരിന്നു.
1970 നവംബര്‍ 2-ന് ഷാന്‍ക്‌സി പ്രവിശ്യയില്‍ ജനിച്ച ലിയു ഹോങ്ഗാംഗ്, ഫെന്യാങ് സെമിനാരിയിലും ബെയ്ജിംഗിലെ നാഷണല്‍ സെമിനാരിയിലുമായിട്ടാണ് തിയോളജി പഠനം പൂര്‍ത്തിയാക്കിയത്. 1996 നവംബറില്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 2005 മാര്‍ച്ച് മുതല്‍ ദാതോങ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്നര്‍ മംഗോളിയയിലെ ബാമെങ്, ചീഫെങ് രൂപതകളിലും പുതിയ മെത്രാന്മാര്‍ അഭിഷിക്തരായിരുന്നു. ഇതിനു പിന്നാലെയാണ് ദാതോങ് രൂപതയിലും പുതിയ മെത്രാന്‍ ചുമതലയേല്‍ക്കുന്നത്.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018-ലാണ് വത്തിക്കാന്‍ കരാറിന് രൂപം നല്‍കിയത്. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷം, വത്തിക്കാനും ചൈനയും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് തുടര്‍ച്ചയായ നിയമനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ കരാര്‍ പ്രകാരം ഇതുവരെ 17 കത്തോലിക്കാ മെത്രാന്മാരാണ് ചൈനയില്‍ ചുമതലയേറ്റിട്ടുള്ളത്.