സിംഗപ്പൂര്‍ പ്രസിഡന്റ് ഷണ്മുഖരത്‌നത്തിന് കൂടിക്കാഴ്ച അനുവദിച്ച് ലിയോ പാപ്പാ
വിവിധ സംസ്‌കാരങ്ങളിലും മതവിഭാഗങ്ങളിലും നിന്നുള്ളവര്‍ക്ക് സിംഗപ്പൂരില്‍ അനുഭവിക്കാനാകുന്ന മെച്ചപ്പെട്ട സഹവാസസാധ്യതയില്‍ സന്തോഷം പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മ്മന്‍ ഷണ്മുഖരത്‌നത്തിന് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധവും ചര്‍ച്ച ചെയ്യപ്പെട്ടു.
പരിശുദ്ധ പിതാവും പ്രസിഡന്റ് ഷണ്മുഖരത്‌നവും തമ്മില്‍ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, രാജ്യത്തിന്റെ പൊതുനന്മയ്ക്കായി അവിടെയുള്ള കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളിലും മതിപ്പ് രേഖപ്പെടുത്തിയതായി, കൂടിക്കാഴ്ച സംബന്ധിച്ച് വത്തിക്കാന്‍ പ്രെസ് ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനം അറിയിച്ചു.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവന്‍ ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ തുടങ്ങിയവരുമായും സ്റ്റേറ്റ് സെക്രെട്ടറിയേറ്റില്‍ പ്രസിഡന്റ് ഷണ്മുഖരത്‌ന കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ സിംഹാസനവും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന് പുറമെ, പ്രാദേശിക, അന്തര്‍ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും, നിലവിലെ സാഹചര്യങ്ങളും സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും ഇരു രാഷ്ട്രനേതൃത്വങ്ങളും കൈമാറിയെന്നും, ബഹുരാഷ്ട്രബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങള്‍ തുടരേണ്ടതിന്റെയും, അവ സംരക്ഷിക്കപ്പെടേണ്ടതിന്റെയും, നവീകരിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യവും ചര്‍ച്ചകളില്‍ ഇടം പിടിച്ചു.
2023 സെപ്റ്റംബര്‍ 14-ന് രാജ്യനേതൃത്വം ഏറ്റെടുത്ത തര്‍മ്മന്‍ ഷണ്മുഖരത്‌ന രാജ്യത്തിന്റെ ഒന്‍പതാമത് പ്രസിഡന്റാണ്.