ലിയോ പാപ്പാ ലിത്വാനിയന്‍ പ്രധാനമന്ത്രിക്ക് കൂടിക്കാഴ്ച അനുവദിച്ചു
വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ വച്ച്, ലിയോ പതിനാലാമന്‍ പാപ്പാ, ലിത്വാനിയയുടെ പ്രധാന മന്ത്രി, ഇംഗ റുഗിനിയേനെയെ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
തുടര്‍ന്ന്, വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവന്‍, ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുമായും, പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി.
തദവസരത്തില്‍, പരിശുദ്ധ സിംഹാസനവും ലിത്വാനിയയും തമ്മിലുള്ള ആരോഗ്യപരമായ ബന്ധത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, മനുഷ്യന്റെ അന്തസ്സിനും സമൂഹത്തിന്റെ പൊതുനന്മയ്ക്കും കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നിരവധി അന്താരാഷ്ട്ര വിഷയങ്ങളിലും ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. ഉക്രൈനിലേയും, മധ്യ പൂര്‍വേഷ്യയിലെയും സംഘര്‍ഷ സാഹചര്യങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ തലങ്ങളിലും ശ്രമങ്ങള്‍ നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ചര്‍ച്ചയില്‍ എടുത്തു പറഞ്ഞു.
2025 സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാം തീയതിയാണ്, ഇംഗ റുഗിനിയേനെ, ലിത്വാനിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.