സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും കൂടിക്കാഴ്ച അനുവദിച്ച് ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: സ്‌പെയിന്‍ രാജകുടുംബത്തിന് ലിയോ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചതായി, വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു.
മേരി മേജര്‍ ബസലിക്കയുടെ പ്രോട്ടോ കാനന്‍ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പാപ്പാ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നായിരുന്നു പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്‌തോലിക കൊട്ടാരത്തിലും മറ്റ് ഓഫീസുകളിലുമായി നടന്ന മീറ്റിങ്ങുകളുടെ ഭാഗമായി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവന്‍ ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ എന്നിവരുമായും രാജകുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മില്‍ നടന്ന സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചകളില്‍, പരിശുദ്ധ സിംഹാസനവും സ്‌പെയിനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധം, മാര്‍ച്ച് ഇരുപത്തിയെട്ട് ശനിയാഴ്ച നടക്കാനിരിക്കുന്ന മോണക്കോയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ കൂടി പശ്ചാത്തലത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട്, സ്‌പെയിനിലെ സഭയുടെ പ്രവര്‍ത്തനങ്ങളും രാജ്യത്തെ സ്ഥിതിഗതികളും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിച്ചുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.
പ്രാദേശികവും അന്താരാഷ്ട്രപരവുമായ വിഷയങ്ങളും സംഭാഷണവിഷയമായെന്നും, ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തരശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാന്‍ അറിയിച്ചു.
അന്താരാഷ്ട്ര സഹവര്‍ത്തിത്വത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന തത്വങ്ങളും മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നല്‍കേണ്ട പ്രാധാന്യവും വത്തിക്കാന്‍ നേതൃത്വവും രാജകുടുംബവും ചര്‍ച്ച ചെയ്തിരുന്നു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച്, മാര്‍ച്ച് ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ റോമിലെ മേരി മേജര്‍ ബസലിക്കയില്‍ വച്ച്, ആര്‍ച്ച് പ്രീസ്‌റ് കര്‍ദ്ദിനാള്‍ റൊളാന്താസ് മക്രിസ്‌കാസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍, ഫെലിപ്പെ ആറാമന്‍ രാജാവ് ബസലിക്കയുടെ പ്രോട്ടോ കാനന്‍ സ്ഥാനം ഏറ്റെടുത്തു.