ലിയോ പാപ്പാ കാനഡയുടെ ഗവര്‍ണര്‍ ജനറല്‍ മേയ് സൈമണുമായ് കൂടിക്കാഴ്ച നടത്തി
ജനതകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും, അന്താരാഷ്ട്ര, ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പായും കാനഡയുടെ ഗവര്‍ണര്‍ ജനറല്‍ മേരി ഷന്നീ മേയ് സൈമനും.
പ്രസിഡന്റ് മെയ് സൈമണ് പരിശുദ്ധ പിതാവ് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയത്.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചകളില്‍, പരിശുദ്ധ സിംഹാസനവും കാനഡയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധത്തിലുള്ള സന്തോഷം പങ്കുവയ്ക്കപ്പെട്ടുവെന്നും, ഫ്രാന്‍സിസ് പാപ്പാ തുടങ്ങിവച്ച പരസ്പരധാരണയുടെ പാതയിലുള്ള മുന്നേറ്റത്തില്‍ ഇരുകൂട്ടരും സംതൃപ്തി പ്രകടിപ്പിച്ചുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
പൊതുതാത്പര്യ കാര്യങ്ങളും, ദേശീയ, അന്താരാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ട ഈ കൂടിക്കാഴ്ചയില്‍, ജനതകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ പ്രാധാന്യം പ്രത്യേകമായി അനുസ്മരിക്കപ്പെട്ടു.
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവന്‍ ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ എന്നിവരുമായും കാനഡ ഗവര്‍ണര്‍ ജനറല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
2021 ജൂലൈ 26-നായിരുന്നു കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഒന്നായ കാനഡയുടെ നേതൃസ്ഥാനത്തേക്ക് മേയ് സൈമണ്‍ നിയമിക്കപ്പെട്ടത്.