പാപ്പ ഇന്ന് ഫ്രാന്‍സിന്റെ മണ്ണില്‍ ; ചരിത്രസന്ദര്‍ശനത്തിന്റെ ആവേശത്തില്‍ ഫ്രഞ്ച് ജനത

 
leo papa


ഫ്രഞ്ച് ജനത ആവേശത്തിലാണ്. സെപ്റ്റംബര്‍ 25-ന് ആരംഭിക്കുന്ന ലിയോ 14-ാമന്‍ പാപ്പയുടെ അപ്പസ്‌തോലിക യാത്രയുടെ ഭാഗമായുള്ള പരിപാടികളില്‍  പങ്കെടുക്കാന്‍ ജനലക്ഷങ്ങളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. ലൂര്‍ദ് പോലുള്ള ഇടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലെയും രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ  പുര്‍ത്തിയായി.

  ഒരു കാലത്ത് കത്തോലിക്ക വിശ്വാസത്തിന്റെയും വിശുദ്ധരുടെയും വിളനിലമായിരുന്ന ഫ്രാന്‍സില്‍ വിശ്വാസത്തിന്റെ പുതുവസന്തം വിരിയുന്നതിന്റെ സൂചനകളാണ്  എവിടെയും ഇപ്പോള്‍  അലയടിക്കുന്നത്.

 ഫ്രാന്‍സില്‍ ഇന്ന്  മതേതര സംസ്‌കാരമുള്ളതെങ്കിലും, ചരിത്രപരമായി ക്രിസ്തുവിശ്വാസവുമായി ഇഴപിരിക്കാനാവാത്ത ബന്ധമുള്ള രാജ്യമാണിത്.  ഏകദേശം 1,300ലധികം വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമുള്ള നാട്! ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി 500 ലധികം രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിര്‍ന്ന മണ്ണ്.

 വിശ്വാസത്തിന് വേണ്ടി പോരാടിയ  വിശുദ്ധ ജോവാന്‍ ഓഫ് ആര്‍ക്ക് മുതല്‍  വിശുദ്ധിയുടെ ലളിത പാഠങ്ങള്‍  ലോകത്തെ പഠിപ്പിച്ച  ലിസ്യുവിലെ വിശുദ്ധ കൊച്ചു ത്രേസ്യ വരെയുള്ള  മഹാവിശുദ്ധരെ സഭയ്ക്ക് നല്‍കിയ രാജ്യം

 ബനഡിക്ട് പതിനാറാമന്‍ പാപ്പാ 2008-ല്‍ നടത്തിയ അപ്പസ്‌തോലിക യാത്രക്ക് ശേഷം പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്, ഫ്രാന്‍സിലേക്ക്  മാര്‍പാപ്പ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി എത്തുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ  നാല് ദിവസങ്ങള്‍ നീളുന്ന ഈ യാത്രയില്‍ പാരീസ്, ലൂര്‍ദ്ദ്, മെറ്റ്‌സ് എന്നീ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും.

  അതേസമയം  'ലോകത്തിന് ജീവന്‍ ഉണ്ടാകേണ്ടതിന് ' എന്ന പാപ്പയുടെ യാത്രയുടെ പ്രമേയം തന്നെ അടുത്തിടെ ദയാവധ അനുകൂല നിയമം പാസാക്കിയ ഫ്രഞ്ച് ഗവണ്‍മെന്റിനുള്ള  ശക്തമായ താക്കീതാകും.

 പാരീസില്‍ നിന്നാരംഭിക്കുന്ന പാപ്പയുടെ യാത്രയുടെ ആദ്യ പാദത്തിലുള്ള ദിവ്യബലിക്ക് ഇതിനോടകം  നാലര ലക്ഷത്തിലധികമാളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൂര്‍ദില്‍ ലഭ്യമായിട്ടുള്ള ഒന്നരലക്ഷം സീറ്റുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു.  യുദ്ധങ്ങളുടെയും വേദനകളുടെയും ചരിത്രമുള്ള മെറ്റ്‌സ് നഗരത്തിലും ചിത്രം വ്യത്യസ്തമല്ല. പത്ത് ലക്ഷത്തിലധികമാളുകള്‍ പാപ്പയുടെ വിവിധ പരിപാടികളിലായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

 പാപ്പയുടെ വ്യക്തിപ്രഭാവത്തിനപ്പുറം ഫ്രഞ്ച് ജനതയുടെ ആത്മീയ വിശപ്പാണ്  ഈ ആവേശത്തിന്റെ കാരണമെന്ന്  ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ജീന്‍-മാര്‍ക്ക് അവെലിന്‍ വ്യക്തമാക്കുന്നു .

  പാപ്പയെ കാണാനും വാക്കുകള്‍ കേള്‍ക്കാനുമായി ജനങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യം  ഫ്രാന്‍സിന്റെ നഷ്ടപ്പെട്ട ക്രൈസ്തവ വേരുകള്‍ പുനരുജ്ജീവിക്കപ്പെടുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. 

ഈ കാലഘട്ടത്തിലെ ഫ്രാന്‍സിന്റെ ദൈവവിളി തിരിച്ചറിയുന്നതിനും വിശ്വാസത്തില്‍ യുവതലമുറയെ ഉറപ്പിക്കുന്നതിനും പാപ്പയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ്  ഫ്രഞ്ച് മെത്രാന്‍മാരും പ്രതീക്ഷിക്കുന്നത് .

 പാപ്പ തിരിച്ചുപോയ ശേഷം എന്ത് സംഭവിക്കുന്നു എന്നതായിരിക്കും ഈ യാത്രയുടെ ഫലപ്രാപ്തി നിര്‍ണയിക്കുന്ന ഏറ്റവും വലിയ അളവുകോല്‍. 

 ''ലോകത്തിന് ജീവന്‍ ഉണ്ടാകേണ്ടതിന്'' എന്നത് കേവലമൊരു പ്രമേയമായി മാത്രം അവശേഷിക്കാതെ സുവിശേഷത്തിന്റെ നവജീവനെ പുല്‍കാന്‍ പാപ്പയുടെ സന്ദര്‍ശനം ഫ്രാന്‍സിനെ സഹായിക്കുമെന്ന് ഫ്രഞ്ച് സഭയൊടൊപ്പം നമുക്കും പ്രതീക്ഷിക്കാം.

Tags

Share this story

From Around the Web