പാപ്പ ഇന്ന് കാമറൂണില്‍; ജപ്പോമയിലെ പേപ്പല്‍ ദിവ്യബലിയില്‍ പ്രതീക്ഷിക്കുന്നത് 20 ലക്ഷം പേരെ
ഡുവാല/കാമറൂണ്‍: ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
യാവുണ്ടെ എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രസിഡന്റും മറ്റ് ഉന്നത നേതാക്കളുമായും പാപ്പ കൂടിക്കാഴ്ച നടത്തും.
നാളെ (ഏപ്രില്‍16) ബാമെണ്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദിവ്യബലിര്‍പ്പിക്കുന്ന പാപ്പ ഏപ്രില്‍ 17 വെള്ളിയാഴ്ച ഡുവാലയിലെ ജപ്പോമ സ്റ്റേഡിയത്തില്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും.
ഡുവാല അതിരൂപതയില്‍ നടക്കുന്ന ദിവ്യബലിയില്‍ ഇരുപത് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജപ്പോമ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലി പ്രദേശത്തെ വിശ്വാസികളുടെ സാഗരമാക്കും.
സുവിശേഷമറിയിക്കുകയാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഡുവാല ആര്‍ച്ചുബിഷപ് സാമുവേല്‍ ക്ലെഡ പറഞ്ഞു.
കാമറൂണ്‍ നിലവില്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍, പാപ്പയുടെ സന്ദര്‍ശനം സമാധാനത്തിന്റെ വലിയൊരു സന്ദേശം നല്‍കുമെന്നും ആര്‍ച്ചുബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ കാമറൂണിനും ഈ മേഖലയ്ക്കും ഏറ്റവും ആവശ്യം സമാധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യയുടെ 35 ശതമാനത്തോളമാളുകള്‍ കത്തോലിക്ക വിശ്വാസം പിന്തുടരുന്ന കാമറൂണ്‍ ഭൗതികമായ ഒരുക്കങ്ങള്‍ക്കൊപ്പം ആത്മീയമായും പാപ്പ നല്‍കുന്ന സുവിശേഷത്തിന്റെ സദ്വാര്‍ത്ത സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായി ആര്‍ച്ചുബിഷപ് ക്ലെഡ വ്യക്തമാക്കി.