അമേരിക്ക-ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് മാർപാപ്പ
അമേരിക്കയും ഇറാനും തമ്മിൽ കരാർ ഒപ്പിടാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ (മധ്യപൂർവേഷ്യ) സമാധാനം പുലരട്ടെയെന്ന് ആശംസിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അതേസമയം, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്നും പാപ്പ അഭ്യർഥിച്ചു. ജൂലൈ 17 ന് നടന്ന പ്രതിവാര പൊതുദർശന ചടങ്ങിനിടെയാണ് ഇറാനും അമേരിക്കയും ചർച്ചകളുടെയും സഹകരണത്തിന്റെയും പാതയിൽ മുന്നോട്ടുപോകണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തത്.
നാലുമാസത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഇരുരാജ്യങ്ങളും ജൂൺ 19 വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവയ്ക്കാനിരിക്കുന്ന കരാറിലേക്ക് എത്തിയതിനെ ഞാൻ സംതൃപ്തിയോടെ സ്വാഗതം ചെയ്യുന്നു. ചർച്ചകളുടെയും സംവാദങ്ങളുടെയും ക്ഷമയോടുള്ള പരിശ്രമത്തിന്റെയും പ്രോത്സാഹനജനകമായ ഫലമാണിത്” – മാർപാപ്പ പറഞ്ഞു. അതേസമയം, സമാധാനചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച മൂന്നാം കക്ഷി രാജ്യങ്ങൾക്ക് പാപ്പ നന്ദി അറിയിച്ചു. “ഈ കരാർ പരസ്പര വിശ്വാസവും സുരക്ഷിതത്വവും മിഡിൽ ഈസ്റ്റിലെ സ്ഥിരതയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജനങ്ങൾക്കിടയിൽ ചർച്ചകളുടെയും സഹകരണത്തിന്റെയും പാതകൾ പ്രോത്സാഹിപ്പിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു” – പാപ്പ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. തുടർന്ന് ഇസ്രായേലിനും ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ തിരിച്ചടിക്കുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
ഉക്രൈനിലെ നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതോടെ അവിടെ വർധിച്ചുവരുന്ന മരണസംഖ്യയിൽ മാർപാപ്പ അതീവദുഃഖം രേഖപ്പെടുത്തി. “നിരപരാധികളായ നിരവധി ഇരകൾ, കൊല്ലപ്പെട്ട രക്ഷാപ്രവർത്തകർ, തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തകർന്ന സഭകളും സാംസ്കാരിക പൈതൃകകേന്ദ്രങ്ങളും അവിടെയുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരോടും പരിക്കേറ്റവരോടും അക്രമങ്ങൾക്കിടയിലും ധീരമായി ജീവനെ സംരക്ഷിക്കാൻ സേവനം ചെയ്യുന്നവരോടും ഞാൻ മാനസികമായി അടുത്തുനിൽക്കുന്നു” – പാപ്പ പറഞ്ഞു.
ഉക്രൈനിലെ യുദ്ധം അവസാനിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. “ഈ യുദ്ധം അവസാനിക്കാൻ പ്രാർഥിക്കുന്നതിനായി ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു. ചർച്ചകളുടെ പാതകൾ തുറക്കാനും വിദ്വേഷം ഇല്ലാതാക്കാനും നീതിപൂർവവും ശാശ്വതവുമായ സമാധാനം സാധ്യമാക്കാനും നമുക്ക് കർത്താവിനോട് അപേക്ഷിക്കാം” – മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.