ഇറ്റലിയുടെ സെനറ്റ് ലൈബ്രറിയും ഇറ്റലിയിലേക്കുള്ള വത്തിക്കാന്‍ എംബസിയും സന്ദര്‍ശിച്ച് പാപ്പാ

 
ITALY SENATE



വത്തിക്കാന്‍സിറ്റി: ഇറ്റലിയിലെ സെനറ്റിന്റെ ലൈബ്രറിയും, ഇറ്റലിയിലെ അപ്പസ്‌തോലിക നൂണ്‍ഷിയേച്ചറും സന്ദര്‍ശിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.


 അഗതമാകുന്ന ക്രിസ്തുമസിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിശുദ്ധ പിതാവ് ഈ രണ്ട് സന്ദര്‍ശനങ്ങളും നടത്തിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ടെലെഗ്രാമിലൂടെ അറിയിച്ചു.

1455-നും 1461-നും ഇടയില്‍ തയ്യാറാക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിന്റെ രണ്ട് കയ്യെഴുത്ത് പ്രതികളുടെ പകര്‍പ്പുകള്‍ ജൂബിലി വര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഇറ്റലിയിലെ സെനറ്റിന്റെ ലൈബ്രറിയില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത് കാണാന്‍ വേണ്ടിക്കൂടിയാണ് പരിശുദ്ധ പിതാവ് അവിടെയെത്തിയത്. നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പകര്‍പ്പുകള്‍ പ്രദര്‍ശനത്തിന് വച്ചത്.

സെനറ്റിലെത്തിയ പാപ്പായെ സെനറ്റ് പ്രസിഡന്റ് ല റൂസയും ഉപാദ്ധ്യക്ഷന്മാരും ചേര്‍ന്ന് സ്വീകരിച്ചു. സെനറ്റ് ലൈബ്രറിയുടെ ഒരു ശാലയില്‍ തയ്യാറാക്കിയിരുന്ന പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം പരിശുദ്ധ പിതാവ് അനാവരണം ചെയ്തു.

സെനറ്റ് ലൈബ്രറിയിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി ഇറ്റലിയിലെ വത്തിക്കാന്‍ എംബസിയായ അപ്പസ്‌തോലിക നൂണ്‍ഷിയേച്ചറിലെത്തിയ പാപ്പാ അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നു.

 പുരാതന റോം നഗരത്തിന്റെ ഭാഗമായ പാന്തെയോണ്‍ ദേവാലയത്തിന് അടുത്തുള്ള മിനെര്‍വ ചത്വരത്തിനടുത്താണ് ഇറ്റലിയുടെ സെനറ്റിന്റെ ലൈബ്രറി.

സെനറ്റ് പ്രസിഡന്റ് ല റുസ്സ പരിശുദ്ധ പിതാവിന് 'മര്‍ത്തിനെല്ല' എന്ന പേരില്‍ അറിയപ്പെടുന്നതും, സെനറ്റ് ഹാളില്‍ ഉപയോഗിക്കപ്പെടുന്നതുമായ ഒരു മണി സമ്മാനമായി നല്‍കി. പ്രധാന അതിഥികള്‍ ഒപ്പുവയ്ക്കുന്ന ഡയറിയില്‍ പരിശുദ്ധ പിതാവ് ഒപ്പു വച്ചു.

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ചിന്തകള്‍ ഉണര്‍ത്തുന്ന പരിശുദ്ധ പിതാവിന്റെ സെനറ്റ് സന്ദര്‍ശനം, ക്രിസ്തുമസിന്റെ പശ്ചാത്തലത്തില്‍, വിശ്വാസികളെ സംബന്ധിച്ച് മാത്രമല്ല, അവിശ്വാസികള്‍ക്ക് പോലും ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ല റൂസ പ്രസ്താവിച്ചു. 

Tags

Share this story

From Around the Web