ആയുധങ്ങള്‍ താഴെവയ്ക്കാനുള്ള ആഹ്വാനവുമായി പാപ്പയുടെ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം; ഏപ്രില്‍ 11-ന് സമാധാനത്തിനായി വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന

 
LEO PAPA 123

വത്തിക്കാന്‍ സിറ്റി: ആയുധങ്ങള്‍ താഴെ വയ്ക്കാനും യുദ്ധങ്ങള്‍ അഴിച്ചുവിടാന്‍ ശക്തിയുള്ളവര്‍ അതില്‍നിന്ന് പിന്തിരിയാനും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം. 

മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണതയില്‍ നിന്ന് പിന്തിരിഞ്ഞ് സംവാദാത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ റോമ നഗരത്തിനും ലോകത്തിന് മുഴുവനുമായി നല്‍കിയ സന്ദേശത്തില്‍ പാപ്പ ആഹ്വാനം ചെയ്തു.

ക്രിസ്തു മരണത്തെ ജയിച്ചത് ലൗകികമായ ശക്തികൊണ്ടല്ല മറിച്ച് ദൈവികമായ സ്‌നേഹം കൊണ്ടാണെന്ന് പാപ്പ പറഞ്ഞു.

യേശു വിജയം വരിച്ച അതേ ശക്തിയാണ് മനുഷ്യകുലത്തിന്റെ സമാധാനത്തിന് ഇന്ന് ആവശ്യം. 

ക്രിസ്തുവിന്റെ പുനരുത്ഥാനം മനുഷ്യകുലത്തിന് പുതിയ തുടക്കം നല്‍കുന്നു. നീതിയും സ്വാതന്ത്ര്യവും സമാധാനവും നിലനില്‍ക്കുന്ന വാഗ്ദത്ത നാട്ടിലേക്ക് അത് മനുഷ്യകുലത്തെ നയിക്കുന്നു.

ആയിരങ്ങള്‍ കൊല്ലപ്പെടുമ്പോഴും ലോകം നിസംഗതയോടെ അതിനെ നോക്കി കാണുന്നതിനെ പാപ്പ വിമര്‍ശിച്ചു. ‘

നിസംഗതയുടെ ആഗോളവല്‍ക്കരണത്തിന്’ നാം ഇരകളാകരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്, പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. 


ഏപ്രില്‍ 11-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന സമാധാനത്തിനായുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം  പങ്കുചേരാന്‍ വിശ്വാസികളെ പാപ്പ ക്ഷണിച്ചു.

Tags

Share this story

From Around the Web