അഭയം തേടുന്നവരെ കൈവിടുത്: അന്താരാഷ്ട്ര സമൂഹത്തോട് മാർപാപ്പ

 
Leo papa

ലോകമെമ്പാടും അഭയം തേടി അലയുന്നവരെ കൈവിടരുതെന്ന് ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ജൂൺ 21 ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷം സംസാരിക്കവെയാണ് ലെയോ പാപ്പ ലോക അഭയാർഥി ദിനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ജൂൺ 20 നാണ് ഐക്യരാഷ്ട്രസഭ ലോക അഭയാർഥി ദിനമായി ആചരിക്കുന്നത്.

പീഡനങ്ങളും അക്രമങ്ങളും യുദ്ധങ്ങളും മൂലം ജന്മനാട് വിട്ടുപോകേണ്ടി വന്നവർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ ലോകരാഷ്ട്രങ്ങൾ വീണ്ടും പ്രതിജ്ഞാബദ്ധരാകണമെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് മാർപാപ്പ അഭ്യർഥിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1951 ൽ രൂപീകരിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ 75-ാം വാർഷികം കൂടിയാണിതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. അന്ന് ആ ഉടമ്പടിക്ക് രൂപം നൽകാൻ പ്രേരിപ്പിച്ച അതേ മാനവികമൂല്യങ്ങൾ ഇന്നും രാജ്യങ്ങൾ ഭരിക്കുന്നവരുടെ മനഃസാക്ഷിയെ ഉണർത്താൻ സഹായിക്കട്ടെയെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

“മനുഷ്യന്റെ സങ്കടങ്ങൾക്കു നേരെ കണ്ണടയ്ക്കാൻ നമുക്കാവില്ല. സുരക്ഷിതത്വവും സംരക്ഷണവും തേടിവരുന്നവരിൽ നിന്ന് ആർക്കും മുഖം തിരിക്കാൻ കഴിയില്ല” – മാർപാപ്പ വ്യക്തമാക്കി. പീഡനങ്ങൾ അനുഭവിച്ച് എത്തുന്നവരെ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ സമൂഹങ്ങൾ സ്വാഗതം ചെയ്യണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web