വൈവിധ്യങ്ങള്‍ക്കു നടുവിലും ഐക്യം വളര്‍ത്തണമെന്ന് ഇന്തോനേഷ്യന്‍ സമൂഹത്തോട് പാപ്പാ

 
PAPA SPEECH


വത്തിക്കാന്‍:ഫ്രാന്‍സിസ് പാപ്പാ ഇന്തോനേഷ്യ സന്ദര്‍ശിച്ചതിന്റെ പ്രഥമ വാര്‍ഷികവും, 75 വര്‍ഷങ്ങളായി തുടരുന്ന വത്തിക്കാന്‍-ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്റെ സന്തോഷവും അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്തോനേഷ്യന്‍ സമൂഹത്തിനു ലിയോ പതിനാലാമന്‍ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, അവര്‍ക്ക് ഹ്രസ്വ സന്ദേശം നല്‍കുകയും ചെയ്തു. 


സംഭാഷണം, ബഹുമാനം, സമാധാനത്തിനും ഐക്യത്തിനുമുള്ള പൊതുവായ പ്രതിബദ്ധത എന്നിവയില്‍ സമീപ ദശകങ്ങളില്‍ ഇരുരാഷ്ട്രങ്ങളും കെട്ടിപ്പടുത്ത ബന്ധങ്ങളെ പാപ്പാ അനുസ്മരിച്ചു.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പാ നടത്തിയ അപ്പസ്‌തോലിക യാത്ര, ഈ സൗഹൃദത്തെ കൂടുതല്‍  ആഴത്തിലാക്കുകയും,  ഇന്തോനേഷ്യയെന്ന വിശാലമായ ദ്വീപസമൂഹത്തിലേക്ക് പ്രത്യാശയുടെ സന്ദേശം കൊണ്ടുവരുവാന്‍ സഹായകരമായെന്നും പാപ്പാ പറഞ്ഞു. 


മാനവികതയുടെ നന്മയ്ക്കായി ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി, പാപ്പായും ഇമാമും സംയുക്തമായി ഒപ്പിട്ട രേഖ മതാന്തര സഹകരണത്തിന്റെ വ്യക്തമായ മാതൃക ലോകത്തിനു നല്‍കുന്നതായിരുന്നുവെന്നു പാപ്പാ പറഞ്ഞു.

ഇന്തോനേഷ്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ച്ച, വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നല്ല ഫലങ്ങളുടെ അടയാളമാണെന്ന് പറഞ്ഞ പാപ്പാ, നാട്ടില്‍ നിന്നും അകലെ ആണെങ്കിലും, ജീവിത പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും പരസ്പരം പരിപാലിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ കാണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. 


 വിവിധ മതക്കാരായ അയല്‍ക്കാരുമായി ജനത  പുലര്‍ത്തുന്ന ശക്തമായ ബന്ധം, ഇന്തോനേഷ്യയുടെ മുദ്രാവാക്യമായ 'നാനാത്വത്തില്‍ ഏകത്വം' എന്നത് പ്രതിഫലിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പലപ്പോഴും ഭിന്നിപ്പിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഒരു ലോകത്ത് കൂട്ടായ്മയുടെ പ്രവാചകന്മാരാകാന്‍ പാപ്പാ ഏവരെയും ക്ഷണിച്ചു. 


സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും പാത വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അത് സമാധാനത്തിന്റെ വിലയേറിയ ഫലമാണ് പുറപ്പെടുവിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
 

Tags

Share this story

From Around the Web