ഞായറാഴ്ച കുർബാനയിലൂടെ കത്തോലിക്കർ ആത്മീയ രൂപീകരണം നേടണമെന്ന് മാർപാപ്പ

 
Leo papa

ഞായറാഴ്ച കുർബാനയിലൂടെ കത്തോലിക്കർ ആത്മീയ രൂപീകരണം നേടണമെന്ന് ലെയോ പാപ്പ ആഹ്വാനം ചെയ്തു. കർദിനാൾമാരും മെത്രാന്മാരും വിശ്വാസികളും ഒറിഗണിൽ ഒത്തുകൂടിയ വേളയിലാണ് ആരാധനാക്രമ ചടങ്ങുകൾ കൂടുതൽ ഭക്തിനിർഭരമായി നടത്തുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ലെയോ പാപ്പ സന്ദേശമയച്ചത്. ഡിക്കാസ്റ്ററി ഫോർ ഡിവൈൻ വേർഷിപ്പ് ആൻഡ് ദി ഡിസിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ് സംഘടിപ്പിക്കുന്ന ഈ സംഗമം ഓഗസ്റ്റ് 14 മുതൽ 19 വരെ മൗണ്ട് ഏഞ്ചലിലെ ബനഡിക്റ്റൈൻ ആബിയിലാണ് നടക്കുന്നത്.

ദൈവജനത്തിന്റെ ആരാധനാക്രമപരമായ ആത്മീയ രൂപീകരണമെന്ന സുപ്രധാന വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിച്ചതിനെ അഭിനന്ദിച്ചുകൊണ്ട്, ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ ആർതർ റോച്ചിനാണ് മാർപ്പാപ്പ കത്തയച്ചത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ‘ദേസിദേരിയോ ദേസിദേരാവി’ (Desiderio Desideravi) എന്ന അപ്പസ്തോലിക ലേഖനത്തിന്റെ തുടർച്ചയായാണ് ഈ യോഗം സംഘടിപ്പിച്ചത്.

ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രായോഗികമായ നിർദ്ദേശങ്ങൾ രൂപീകരിക്കാനാണ് വിവിധ തലങ്ങളിലുള്ള കത്തോലിക്കാ വിശ്വാസികൾ ഈ സമ്മേളനത്തിൽ ഒത്തുചേർന്നിരിക്കുന്നത്. ഒരു പ്രാർത്ഥനാന്തരീക്ഷത്തിൽ വച്ച് ആത്മീയ വിചിന്തനം നടത്തുന്നതിനായാണ് ഒരു സന്യാസ ആശ്രമം തന്നെ യോഗവേദിയായി തിരഞ്ഞെടുത്തത്.

സഭയുടെ ആരാധനാക്രമ ജീവിതത്തിന് പുതിയ ജീവൻ നൽകാൻ വൈദികർക്കും അല്മായർക്കും നിരന്തരമായ പരിശീലനം ആവശ്യമാണെന്ന് അപ്പസ്തോലിക ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് മാർപ്പാപ്പ പറഞ്ഞു. ആരാധനാക്രമ വിദഗ്ധരെ മാത്രം സൃഷ്ടിക്കുന്നതിന് പകരമായി, എല്ലാ ദൈവജനത്തിന്റെയും ഉള്ളിൽ ഒരു ആത്മീയ ഒരുക്കം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മാർപ്പാപ്പ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയാണ് ആരാധനാക്രമ പരിശീലനത്തിന് ലഭിക്കുന്ന ഏറ്റവും മികച്ചതും പ്രായോഗികവുമായ അവസരമെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു. വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നിവർ നൽകിയിട്ടുള്ള ആരാധനാക്രമ നിയമങ്ങളെയും നിർദ്ദേശങ്ങളെയും വൈദികർ പൂർണ്ണമായും ബഹുമാനിക്കുകയും വിശ്വസ്തതയോടെ പിന്തുടരുകയും വേണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു. ഈ ആദരവ് ദൈവത്തോടുള്ള താഴ്മയിൽ നിന്നും സഭയോടുള്ള വിശ്വസ്തതയിൽ നിന്നുമാണ് ഉണ്ടാകേണ്ടത്.

ഒറിഗണിൽ നടക്കുന്ന ഈ യോഗത്തെ ജ്ഞാനത്തിന്റെ സിംഹാസനമായ പരിശുദ്ധ മറിയത്തിന് സമർപ്പിച്ച മാർപ്പാപ്പ, പങ്കെടുക്കുന്നവരുടെ ആത്മീയ ചിന്തകൾക്കായി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web