സ്‌പെയിനിലെ സാഗ്രദ ഫാമിലിയ ബസിലിക്കയുടെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ പാപ്പ ആശീര്‍വദിക്കും
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘സാഗ്രദ ഫാമിലിയ’ ബസിലിക്കയിലെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ ലിയോ 14-ാമന്‍ പാപ്പ ഉദ്ഘാടനം ചെയ്ത് ആശീര്‍വദിക്കും. പാപ്പ ജൂണ്‍ മാസത്തില്‍ നടത്തുന്ന ചരിത്രപരമായ സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ആകര്‍ഷകവും ചരിത്രപരവുമായ നിമിഷം ജൂണ്‍ 9-ന് ബാഴ്‌സലോണയില്‍ നടക്കാന്‍ പോകുന്ന ഈ സവിശേഷ ചടങ്ങാണ്. ജൂണ്‍ 6 മുതല്‍ 11 വരെ നടക്കുന്ന ഈ അപ്പോസ്‌തോലിക് യാത്രയില്‍ മാഡ്രിഡ്, ബാഴ്‌സലോണ, കാനറി ദ്വീപുകള്‍ എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടിക്കും. ബസിലിക്കയുടെ വിഖ്യാത ശില്പി അന്തോണി ഗൗഡിയുടെ നൂറാം ചരമവാര്‍ഷികത്തിലാണ് ബസിലിക്കയിലെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ പാപ്പ ഉദ്ഘാടനം ചെയ്ത് ആശീര്‍വദിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
വിശ്വാസത്തിന്റെയും കലയുടെയും അതുല്യമായ ഒരു സംഗമഭൂമിയാണ് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ സ്ഥിതി ചെയ്യുന്ന സാഗ്രദ ഫാമിലിയ ബസിലിക്ക. നിര്‍മാണം ആരംഭിച്ച് ഒരു നൂറ്റാണ്ടിലധികമായിട്ടും ഇന്നും പൂര്‍ണരൂപത്തിലാകാത്ത ഈ മഹാത്ഭുതം ലോകമെമ്പാടുമുള്ള സഞ്ചാരികളെയും വിശ്വാസികളെയും ഒരേപോലെ ആകര്‍ഷിക്കുന്ന ഒന്നാണ്. ‘ദൈവത്തിന്റെ ശില്പി’ എന്ന വിശേഷിപ്പിക്കപ്പെടുന്ന ആന്റണി ഗൗഡിയാണ് ഈ ദൈവാലയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗോത്തിക്ക് ശൈലിയോട് തന്റെ ക്രിയാത്മകമായ ആശയങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ട് ഗൗഡി രൂപകല്‍പ്പന ചെയ്ത ഈ ദൈവാലയത്തിന് സ്വര്‍ഗവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ പ്രതീകമായി പിരമിഡ് രൂപമാണ് നല്‍കിയിരിക്കുന്നത്.1882-ല്‍ ആരംഭിച്ച ഇതിന്റെ നിര്‍മ്മാണത്തിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗൗഡി സമര്‍പ്പിച്ചു. 30 വര്‍ഷക്കാലം ഇതിനായി ചിലവഴിച്ച ഗൗഡി തന്റെ ജീവിതത്തിന്റെ അവസാന 12 വര്‍ഷക്കാലം ഈ പ്രൊജക്ടില്‍ മാത്രമാണ് ശ്രദ്ധ ചെലുത്തിയത്. എന്നാല്‍ 1926-ല്‍ ഒരു ട്രാം അപകടത്തില്‍ ഗൗഡി അകാലത്തില്‍ അന്തരിച്ചതോടെ നിര്‍മ്മാണം പ്രതിസന്ധിയിലായി. അദ്ദേഹത്തിന്റെ മരണത്തിന്റെ നൂറാം വാര്‍ഷികം തികയുന്ന ഈ വേളയിലാണ്, ബസിലിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ പൂര്‍ത്തിയായി ലോകത്തിന് സമര്‍പ്പിക്കപ്പെടുന്നത്.
തന്റെ ആറു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ നാല് വിശുദ്ധ കുര്‍ബാനകളും പന്ത്രണ്ടോളം പ്രഭാഷണങ്ങളും പോപ്പ് നടത്തുന്നുണ്ട്. ജൂണ്‍ 6-ന് മാഡ്രിഡില്‍ എത്തുന്ന അദ്ദേഹത്തെ ഫിലിപ്പ് ആറാമന്‍ രാജാവ് റോയല്‍ കൊട്ടാരത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, പാര്‍ലമെന്റ് അംഗങ്ങള്‍, മറ്റ് സാംസ്‌കാരിക-സാമൂഹിക നേതാക്കള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന വേളയില്‍ മാഡ്രിഡിലെ ഭവനരഹിതരുടെ അഭയകേന്ദ്രവും, ബാഴ്‌സലോണയിലെ ഒരു ജയിലും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. യാത്രയുടെ അവസാന ഘട്ടത്തില്‍ ജൂണ്‍ 11-ന് ലിയോ പാപ്പ കാനറി ദ്വീപുകളിലേക്ക് തിരിക്കും. യൂറോപ്പിലേക്കുള്ള അറ്റ്‌ലാന്റിക് പാതയിലൂടെ എത്തുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും ഇടത്താവളമാണ് ഈ ദ്വീപ്. ലാസ് പാല്‍മാസ്, സാന്റാ ക്രൂസ് ഡി ടെനറിഫെ എന്നിവിടങ്ങളില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും. വിശ്വാസം, ഐക്യം, കാരുണ്യം, സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള ആഭിമുഖ്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ലിയോ പാപ്പയുടെ ഈ സ്‌പെയിന്‍ യാത്ര ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ സാഗ്രദ ഫാമിലിയയിലെ പ്രധാന ഗോപുരം പാപ്പ ആശീര്‍വദിക്കുമ്പോള്‍, അത് ചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറും എന്നതില്‍ തര്‍ക്കമില്ല.