കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ''കൊളംബസിന്റെ യോദ്ധാക്കള്‍'' അത്മായ സംഘടന നല്‍കിയ സഹായങ്ങള്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു

വത്തിക്കാന്‍:സാര്‍വത്രിക സഭയെയും, ലോകം മുഴുവനെയും പ്രോത്സാഹിപ്പിക്കുന്ന പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍, ''കൊളംബസിന്റെ യോദ്ധാക്കള്‍'' (നൈറ്റ്‌സ് ഓഫ് കൊളംബസ്) എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള അംഗങ്ങളുമായി ലിയോ പതിനാലാമന്‍ പാപ്പാ, കൂടിക്കാഴ്ച്ച നടത്തി.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇതിനോടകം ജൂബിലി തീര്‍ത്ഥാടനത്തിനായി, റോമില്‍ എത്തിച്ചേര്‍ന്നു, അപ്പസ്‌തോലന്മാരുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ചും, വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചുകൊണ്ടും, വിശ്വാസത്തില്‍ ബലം പ്രാപിച്ചതിലുള്ള സന്തോഷം പാപ്പാ അംഗങ്ങളുമായി പങ്കുവച്ചു.
വത്തിക്കാന്‍ ബസിലിക്കയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ബെര്‍ണിനിയുടെ കലാരൂപങ്ങളില്‍ പ്രധാനപ്പെട്ട ബാല്‍തക്കിനോ, എന്ന സൃഷ്ടിയും, വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം സംരക്ഷിക്കുന്ന വെങ്കല സ്മാരകവും, അതിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തില്‍ പുനഃസ്ഥാപിക്കുവാന്‍, അകമഴിഞ്ഞു സഹായം നല്‍കിയ നൈറ്റ്‌സ് ഓഫ് കൊളംബസ് സംഘടനയ്ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു. വിശ്വാസത്തിന്റെ രണ്ടു നെടുംതൂണുകളാണ് ഇവയെന്നും പാപ്പാ എടുത്തുപറഞ്ഞു.
ക്രിസ്തുവിന്റെ വികാരിയോടുള്ള സംഘടനയുടെ പ്രത്യേകമായ കരുതലും, സ്‌നേഹവും മുന്‍നിര്‍ത്തി, ലോകമെമ്പാടുമുള്ള ദരിദ്രരോടും ദുര്‍ബലരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള പാപ്പായുടെ, 'ക്രിസ്തുവിന്റെ വികാരി' എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നല്‍കുന്ന പിന്തുണയും പാപ്പാ എടുത്തു പറഞ്ഞു.
ഓരോ ഘട്ടത്തിലും മനുഷ്യജീവിതത്തിന്റെ പവിത്രത ഉയര്‍ത്തിപ്പിടിക്കുന്നതിനും, യുദ്ധത്തിന്റെയും, പ്രകൃതി ദുരന്തങ്ങളുടെയും ഇരകളെ സഹായിക്കുന്നതിനും, പൗരോഹിത്യ ദൈവവിളികളെ പിന്തുണയ്ക്കുന്നതിനുമുള്ള സംഘടനയുടെ സഹായങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും, ത്യാഗങ്ങള്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.
ഈ ജൂബിലി തീര്‍ത്ഥാടനം അംഗങ്ങളുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുകയും, പ്രത്യാശയില്‍ ഉറപ്പിക്കുകയും സഭയോടുള്ള സ്‌നേഹം കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുവാന്‍ സഹായകരമാകട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.