ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാൻ പാടുപെട്ട് മാർപാപ്പ; ഫോൺ കട്ട് ചെയ്ത് ഉദ്യോഗസ്ഥ!

 
Leo

കത്തോലിക്കാ സഭയുടെ പരമാധികാരിയാണെങ്കിലും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക എന്നത് ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും അത്ര എളുപ്പമായിരുന്നില്ല. ചിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് തന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് രസകരവും എന്നാൽ അല്പം കുഴപ്പിക്കുന്നതുമായ ഈ അനുഭവം നേരിട്ടത്. അഗസ്റ്റീനിയൻ പുരോഹിതനും മാർപാപ്പയുടെ സുഹൃത്തുമായ ഫാ. ടോം മക്കാർത്തിയാണ് ഒരു യോഗത്തിനിടെ ഈ സംഭവം വെളിപ്പെടുത്തിയത്.

തന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലെ ഫോൺ നമ്പറും വിലാസവും മാറ്റാനായി ചിക്കാഗോയിലെ ബാങ്ക് ശാഖയിലേക്ക് റോബർട്ട് പ്രെവോസ്റ്റ് എന്ന സ്വന്തം പേര് പറഞ്ഞാണ് മാർപാപ്പ വിളിച്ചത്. ബാങ്ക് ഉദ്യോഗസ്ഥ ചോദിച്ച സുരക്ഷാ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം കൃത്യമായ മറുപടിയും നൽകി. എന്നാൽ, വിവരങ്ങൾ മാറണമെങ്കിൽ ബാങ്കിൽ നേരിട്ട് ഹാജരാകണമെന്ന കർശന നിലപാടിലായിരുന്നു ഉദ്യോഗസ്ഥ. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലിരുന്ന് തനിക്ക് ഇപ്പോൾ അത് സാധ്യമല്ലെന്ന് പാപ്പ പറഞ്ഞിട്ടും ഉദ്യോഗസ്ഥ വഴങ്ങിയില്ല.


ഒടുവിൽ തന്റെ ഔദ്യോഗിക പദവി വെളിപ്പെടുത്തിയാൽ കാര്യം എളുപ്പമാകുമെന്ന് കരുതി, “ഞാൻ ലെയോ പതിനാലാമൻ മാർപാപ്പയാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിരോധമുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ആരോ തമാശയ്ക്ക് വിളിക്കുന്നതാണെന്ന് കരുതിയ ബാങ്ക് ഉദ്യോഗസ്ഥ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ലോകം മുഴുവൻ ബഹുമാനിക്കുന്ന പരിശുദ്ധ പിതാവിന്റെ ഫോൺ കോൾ ഒരു ബാങ്ക് ജീവനക്കാരി വിച്ഛേദിച്ച വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചിരി പടർത്തുകയാണ്.

ബാങ്കിന്റെ സാധാരണ കസ്റ്റമർ കെയർ വഴി പ്രശ്നം തീരില്ലെന്ന് കണ്ടപ്പോൾ, ഒടുവിൽ ചിക്കാഗോയിലെ സ്വാധീനമുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് അൺബ്ലോക്ക് ചെയ്തത്. ബാങ്ക് പ്രസിഡന്റുമായി നേരിട്ട് ബന്ധമുള്ള മറ്റൊരു പുരോഹിതൻ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.

Tags

Share this story

From Around the Web