അന്യായപ്പലിശ ഈടാക്കുന്ന സാമ്പത്തിക സംവിധാനങ്ങള്‍ ഒരു ജനതയെ മുഴുവന്‍ മുട്ടുകുത്തിക്കുന്നതാണെന്ന് പാപ്പായുടെ മുന്നറിയിപ്പ്

വത്തിക്കാന്‍: അന്യായപ്പലിശ ഈടാക്കുന്ന സാമ്പത്തിക സംവിധാനങ്ങള്‍ ഒരു ജനതയെ മുഴുവന്‍ മുട്ടുകുത്തിക്കുന്ന അപകടസാധ്യതയെക്കുറിച്ച് പാപ്പാ മുന്നറിയിപ്പു നല്കുന്നു.
ഇറ്റലിയില്‍ മൂന്നുപതിറ്റാണ്ടായി പ്രവര്‍ത്തനിരതമായ കൊള്ളപ്പലിശ വിരുദ്ധ ദേശീയ സമിതിയുടെ നൂറ്റിയമ്പതോളം അംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.
നിരവധിയാളുകളുടെയും കുടുംബങ്ങളുടെയും മേല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന അന്യായപ്പലിശപ്രശ്‌നം ഇല്ലാതാക്കുന്നതിന് മുപ്പതുവര്‍ഷത്തോളമായി ഈ സമിതി നടത്തുന്ന യത്‌നങ്ങള്‍ക്ക് നന്ദി പറയുന്നതില്‍ തന്റെ മുന്‍ഗാമികളോടുകൂടെ താനും ചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.
അന്യായപ്പലിശ പ്രശ്‌നം അതിപുരാതനമായ ഒന്നാണെന്നും മറ്റു ചൂഷണങ്ങള്‍ക്കും പാവപ്പട്ടവര്‍ക്കെതിരായ അനീതികള്‍ക്കുമൊപ്പം അതിനെതിരെയും പ്രവാചകന്മാര്‍ ശബ്ദിച്ചിരുന്നത് വേദപുസ്തകത്തില്‍ കാണാമെന്നും പാപ്പാ അനുസ്മരിച്ചു.
കൊള്ളപ്പലിശ പ്രതിഭാസം മാനവഹൃദയത്തിന്റൈ മലിനതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പാപ്പാ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തില്‍ പെട്ടവരെ പ്രത്യക്ഷത്തില്‍ സഹായിക്കാനെന്ന ഭാവേന എത്തുന്ന കൊള്ളപ്പലിശക്കാര്‍ വളരെ പെട്ടെന്നു തന്നെ താങ്ങാനാവത്ത കനത്ത ഭാരമുള്ള കല്ലായി കാണപ്പെടുന്നുവെന്നും അതിന് ഇരകളാകുന്നത് ദുര്‍ബ്ബലരാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
കൊള്ളപ്പലിശ ഗുരുതര പാപമാണെന്നും അത് വ്യക്തികളെ അടിമകളാക്കുന്നുവെന്നും പാപ്പാ കുറ്റപ്പെടുത്തിയ പാപ്പാ, അന്യായപ്പലിശവിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം ഈ വിശുദ്ധ വത്സരത്തിന്റെ ജൂബിലി വര്‍ഷത്തിന്റെ അരൂപിയോടു ചേര്‍ന്നുപോകുന്നതാണെന്നു പറയുകയും ഈ വര്‍ഷത്തിന്റെ സവിശേഷതയായ പ്രത്യാശയുടെ അടയാളമായി ഈ പ്രവര്‍ത്തനം മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
കൊള്ളപ്പലിശയുടെ കളങ്കം പേറുന്നവരുടെ മാനസാന്തരത്തിനൊപ്പം അന്യായപ്പലിശയ്ക്ക് ഇരകളായവരോടുള്ള സാമീപ്യവും പ്രധാനമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.