ട്രംപിനോട് സംവാദത്തിനില്ലെന്ന് മാർപാപ്പ; സമാധാനം പറയുന്നവർ ഭാഗ്യവാന്മാർ, രാഷ്ട്രീയക്കാരനായി കാണരുതെന്നും ലെയോ പതിനാലാമൻ; മാർപാപ്പ ഒബാമയുടെ ആളെന്ന് ട്രംപിന്റെ കടന്നാക്രമണം
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംവാദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
"ഞാൻ യുദ്ധത്തിനെതിരെ ഉറക്കെ സംസാരിക്കുന്നത് തുടരും. സമാധാനവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രാജ്യങ്ങൾക്കിടയിൽ ബഹുമുഖ ബന്ധങ്ങൾ വളർത്താനും ഞാൻ ആഗ്രഹിക്കുന്നു'.
"ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ആരെങ്കിലും എഴുന്നേറ്റു നിന്ന് ഇതിലും നല്ല വഴിയുണ്ടെന്ന് പറയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എന്റെ സന്ദേശം, സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ എന്നതാണ്. എന്റെ പങ്കിനെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ നോക്കിക്കാണുന്നില്ല'.- ലെയോ പതിനാലാമൻ പറഞ്ഞു.
അതേസമയം, പോപ്പ് രാഷ്ട്രീയക്കാരാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമർശം. കോമൺസെൻസ് ഉപയോഗിക്കണം.
വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദുസമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.