വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന ധാരണ ഒഴിവാക്കപ്പെടണം: പാപ്പാ

 
Leo papa

പരിശുദ്ധ സിംഹാസനത്തിന്റെയും, ആഗോള  സഭയുടെയും സേവനത്തിനായി, വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയം വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് എടുത്തു പറഞ്ഞുകൊണ്ടാണ്, വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയ ഫൗണ്ടേഷന്റെ ബോർഡ് അംഗങ്ങളുമായി, മെയ് മാസം പതിനൊന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നടത്തിയ കൂടിക്കാഴ്ച്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്. വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന വർദ്ധിച്ചുവരുന്ന ധാരണയെ ചെറുക്കേണ്ടതിന്റെ അടിയന്തിര ആവശ്യം സഭയ്ക്ക് തോന്നിയ സാഹചര്യമാണ്, ഈ ഒബ്സർവേറ്ററി ആരംഭിക്കുവാൻ കാരണമായതെന്നു പാപ്പാ എടുത്തുപറഞ്ഞു.

ഇത്തരത്തിൽ, വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വിഭാഗീയത ഇന്നും തുടരുന്നുവെന്നത് സത്യമാണെന്നും, ഇത് വസ്തുനിഷ്ഠമായ സത്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരാണെന്നും പാപ്പാ പറഞ്ഞു. ലോകത്തിലെ പലരും ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് നാം വസിക്കുന്ന ഗ്രഹത്തിന്റെ ചൂഷണത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയ പാപ്പാ, അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെ സഭ ചേർത്തുനിർത്തുന്നത്, അനിവാര്യമായിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

 സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അത്ഭുതത്തോടെ നോക്കാനുള്ള കഴിവ്, യാതൊരു വിഭജനങ്ങളും കൂടാതെ എല്ലാ മനുഷ്യർക്കും നല്കപ്പെട്ടിരിക്കുന്ന ഒരു ദാനമാണെന്നും, ഇത് നമ്മുടെ ഭയങ്ങളെയും വീഴ്ചകളെയും ദൈവത്തിന്റെ വിശാലതയുടെ അടിസ്ഥാനത്തിൽ കാണുന്നതിനും ആശ്വാസം തേടുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. എന്നാൽ ദൈവം ഉരുവാക്കിയ ഈ പ്രകാശം, ഇന്ന് മനുഷ്യനിർമ്മിത വെളിച്ചം കൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ ശാസ്ത്രജ്ഞരെ വിശാലമായ പൊതുജനങ്ങളുമായും ആഗോള ശാസ്ത്ര സമൂഹവുമായും അർത്ഥവത്തായ രീതിയിൽ ഇടപഴകാൻ പ്രാപ്തരാക്കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. ദൈവത്തിന്റെ സൃഷ്ടികർമ്മം എല്ലാത്തിനെയും അതിശയിപ്പിക്കുന്നതിനാൽ, പ്രപഞ്ചത്തിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യാൻ, ആഴത്തിൽ  വിശ്വാസമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web