മാര്‍പാപ്പയുടെ പെറൂവിയന്‍ സന്ദര്‍ശനം: പെറുവിന്റെ നിയുക്ത പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാന്‍ പ്രതിനിധി

 
jamican


നവംബറില്‍ നടക്കാനിരിക്കുന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ അവസാനവട്ട വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി, പെറുവിന്റെ നിയുക്ത പ്രസിഡന്റ് കേക്കോ ഫുജിമോരി രാജ്യത്തെ അപ്പസ്‌തോലിക് പ്രതിനിധി ബിഷപ്പ് പൗളോ റോക്കോ ഗുവാള്‍ട്ടിയേരിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ജൂലൈ 28-ന് കേക്കോ ഫുജിമോരി പെറുവിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കും.

ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പെറു സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി, ജൂലൈ 17-ന് പെറൂവിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്‍സിയുമായി ഫുജിമോരി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ചയും നടന്നത്.


ലെയോ പാപ്പയുടെ വരാനിരിക്കുന്ന സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഫുജിമോരി ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പിനെ സ്വീകരിച്ചുവെന്നും, കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി എന്നും ജൂലൈ 23-ന് നിയുക്ത പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. പ്രസിഡന്റ് എന്ന നിലയില്‍, നവംബറില്‍ പെറുവിലെത്തുന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. വടക്കന്‍ പെറുവിലെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്നു മുന്‍പ് ലെയോ പാപ്പ.

അതേസമയം, ഇത് സംബന്ധിച്ച് വത്തിക്കാന്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ലെയോ പതിനാലാമന്‍ മാര്‍പാപ്പ നവംബറില്‍ രാജ്യത്തെത്തുമെന്നും ലിമ, ചിക്ലായോ, പിയൂറ, കുസ്‌കോ, പെറൂവിയന്‍ ആമസോണ്‍ മേഖലയിലുള്ള പുക്കാല്‍പ എന്നിങ്ങനെ അഞ്ച് നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്നും നിലവിലെ പെറൂവിയന്‍ പ്രസിഡന്റ് ഹൊസെ മരിയ ബാല്‍കാസര്‍ ഉറപ്പുനല്‍കി.

Tags

Share this story

From Around the Web