പരസ്പരബന്ധങ്ങളും സംവാദങ്ങളും പൊതുനന്മയും പ്രോത്സാഹിപ്പിക്കാൻ സ്പാനിഷ് സമൂഹത്തെ ക്ഷണിച്ച് പാപ്പാ

 
Papa

കലാ, കായിക, സാംസ്കാരിക രംഗങ്ങളിലെ വിവിധ പരിപാടികൾ നടക്കുന്ന ഇടം മാത്രമല്ല മറിച്ച്, സന്തോഷവും അത്ഭുതവും ഊർജ്വസ്വലതയും പ്രത്യാശയും ദുഃഖവും നിരാശയും പോലെയുള്ള മനുഷ്യന്റെ ആന്തരികമായ വികാരങ്ങൾക്ക് കൂടി സാക്ഷ്യമാകുന്ന ഇടമാണ് മാഡ്രിഡ് മോവിസ്റ്റാർ അരീനയെന്ന (Movistar Arena) പൊതുവേദിയെന്ന് ലിയോ പതിനാലാമൻ പാപ്പാ. തന്റെ നാലാം വിദേശ അപ്പസ്തോലികയാത്രയുടെ ഭാഗമായി സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലെത്തിയ പരിശുദ്ധ പിതാവ്, അവിടെ സംസ്കാര, കലാ, സാമ്പത്തിക, സ്പോർട്സ് രംഗങ്ങളിലുള്ളവരുമായി ജൂൺ 7 ഞായറാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിലാണ് മോവിസ്റ്റാർ സമുച്ചയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

മനുഷ്യന്റെ ബുദ്ധിയും ഇശ്ചാശക്തിയും വെളിവാക്കുന്ന മനോഹരമായ ചത്വരങ്ങളും സ്മാരകങ്ങളും പൂന്തോട്ടങ്ങളും ദേവാലയങ്ങളും യൂണിവേഴ്സിറ്റികളും സംഗീതവും നൃത്തവും ഭക്ഷണ വൈവിധ്യവുമൊക്കെയുള്ള ഒരു രാജ്യമാണിതെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, ഇതിന് പിന്നിലെ ബൗദ്ധികമായ ക്രിയാത്മകതയുടെ സാന്നിദ്ധ്യം അവഗണിക്കാൻ നമുക്ക് സാധിക്കില്ലെന്ന് പ്രസ്താവിച്ചു. അതേസമയം, നമുക്ക് മുൻപുള്ള തലമുറകൾ സമ്മാനിച്ചപോയ ഈ അത്ഭുതങ്ങൾ കാണുന്ന നാം, വരും തലമുറകൾക്കായി എന്താണ് അവശേഷിപ്പിക്കുന്നത് എന്ന ഒരു ചോദ്യം പാപ്പാ സമൂഹത്തിന് മുന്നിൽ ഉയർത്തി.

സദസ്സിൽ നടന്ന പ്രഭാഷണങ്ങളെ അധികരിച്ച്, സാങ്കേതികതയുടെ രംഗത്തുൾപ്പെടെ, ആധുനികസമൂഹത്തിന്റെ അസാധാരണ കഴിവുകൾ കാണാതിരിക്കാനാകില്ലെന്ന് പ്രസ്താവിച്ച പാപ്പാ, എന്നാൽ നാം സൃഷ്ടിക്കുന്നതും കണ്ടെത്തുന്നതും കൈമാറ്റം ചെയുന്നതുമായ കണ്ടുപിടുത്തങ്ങൾക്കും അറിവുകൾക്കും പിന്നിലെ കാരണങ്ങളും യുക്തിയും തിരിച്ചറിഞ്ഞുകൊണ്ട് ഉത്തരവാദിത്വബോധത്തോടെയാണോ അവ ചെയ്യുന്നതെന്ന് ചോദിച്ചു. ഈ തലത്തിൽ, സുദീർഘമായ ചരിത്രത്തിന്റെ പിൻബലമുള്ള സഭ ആധുനികസമൂഹവുമായി സംവാദത്തിലേർപ്പെടാനും, സഹകരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

മാനവികതയുടെ ഡി.എൻ.എ.യിൽ നന്മയ്ക്കും സൗന്ദര്യത്തിനും സത്യത്തിനും വേണ്ടിയുള്ള ആഗ്രഹം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ, ഇക്കാരണത്താലാണ് സഭ അന്തസ്സുള്ള ഒരു ജീവിതത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള മാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രസ്താവിച്ചു. മനുഷ്യനായിരിക്കുക എന്നതിന്റെ ശരിയായ അർത്ഥമെന്താണെന്ന ഒരു ചോദ്യം നമുക്ക് മുന്നിലുണ്ടെന്ന് പാപ്പാ പറഞ്ഞു.

പരസ്പരബന്ധത്തെ നെയ്ത്തുശാലയിലെ നൂലുകൾ കോർത്ത് വസ്ത്രം നെയ്യുന്ന പ്രവൃത്തിയുമായി താരതമ്യം ചെയ്തുകൊണ്ട് സംസാരിച്ച പാപ്പാ, സമൂഹത്തിലും സഭയിലുമുണ്ടാകേണ്ട പരസ്പരബന്ധത്തിന്റെ പ്രാധാന്യം വിവിധ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു. സഭ എന്നും സംവാദത്തിന്റെ ശൈലിയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ സംവാദങ്ങളും, കലയും ഉൾപ്പെടെ എല്ലാ ആശയവിനിമയത്തിനും മുറിവേൽപ്പിക്കാനോ സൗഖ്യപ്പെടുത്താനോ, നശിപ്പിക്കാനോ പുതിയ ചക്രവാളങ്ങൾ തുറക്കാനോ, ഭിന്നത സൃഷ്ടിക്കാനോ ഒരുമിച്ച് പ്രത്യാശയുടെ ഭാവിക്കായി പ്രവർത്തിക്കാനോ ഉള്ള കഴിവുണ്ടെന്നും, അതുകൊണ്ടുതന്നെ, നന്മ പരത്താനും പരസ്പരബന്ധത്തിന്റെ വല നെയ്യാനുമാകണം നാം പരിശ്രമിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. സ്നേഹത്തിന്റെ നൂലിലാണ് സൃഷ്ടാവായ ദൈവം മനുഷ്യനെ നെയ്തതെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപെട്ടതെന്ന് വിശദീകരിച്ചു.

തുന്നുകയെന്നാൽ ഒരുമിച്ച് സൃഷ്ടിക്കുക എന്ന അർത്ഥം കൂടിയുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസമെന്നാൽ സ്നേഹവും ആനന്ദവും കൂടിയാണെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു.

തുന്നുകയെന്നാൽ നിസ്വാർത്ഥതയോടെ ശുശ്രൂഷ ചെയ്യുക എന്ന അർത്ഥം കൂടിയുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസം മൂലമാണ് ചില വ്യക്തികൾ ഏവരുടെയും നന്മ ലക്ഷ്യക് കണ്ട് ആശുപത്രികളും സ്‌കൂളുകളും പണിതുയർത്തുകയും ഐക്യദാർഢ്യത്തിന്റെ പല പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്തതെന്ന് പ്രസ്താവിച്ചു. ലോകം, പ്രത്യേകിച്ച് ഇന്ന് യൂറോപ്പ് തന്റെ വ്യക്തിത്വം അദ്ധ്യാത്മിക സ്വഭാവമില്ലാതെയാണോ പണിതുയർത്തുന്നത് എന്ന ഒരു ചോദ്യം സ്വയംചോദിക്കാൻ തയ്യാറാകണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

യൂറോപ്പിന് വിശ്വാസത്തിന്റെ മുഖമുദ്ര നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും, ക്രിസ്തുവിലേക്ക് വാതിലുകൾ തുറന്നിടാൻ ആഹ്വാനം ചെയ്ത നമ്മുടെ മുൻഗാമികളുടെ സ്വരം ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ടോയെന്നും നാം ചിന്തിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പാവപ്പെട്ടവരുടെ നിലവിളി നമ്മുടെ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയ, സാമ്പത്തികവ്യവസ്ഥകളുടെയും മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനുഷ്യന്റെ സമഗ്രവികസനത്തിനും, എല്ലാവരുടെയും പങ്കാളിത്തത്തിനുമാണ് സഭ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതുമെന്ന് തന്റെ പ്രഥമ ചാക്രികലേഖനം കൂടി പരാമർശിച്ചുകൊണ്ട് (Magnifica humanitas, 34) പാപ്പാ പറഞ്ഞു.

എതിർഭാഗത്തുനിൽക്കുന്നവരോട് ബഹുമാനപുരസ്സരം പെരുമാറാനാണ് കായികരംഗം നമ്മെ ക്ഷണിക്കുന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും തന്റെയും കായികരംഗവുമായുള്ള ബന്ധം കൂടി പരാമർശിച്ചുകൊണ്ട് പറഞ്ഞ പാപ്പാ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു.

എല്ലായിടങ്ങളിലും ഐക്യവും സംവാദവും പ്രത്യാശയും നന്മയും പരത്തുന്ന വിധത്തിൽ ഐക്യം നെയ്യുന്ന പുതിയ നൂലുകളാകാനും, മാനവികതയുടെ മഹത്വം വെളിപ്പെടുത്തുന്ന വ്യക്തികളാകാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web