നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ പാപ്പാ അതീവ ദുഃഖം രേഖപ്പെടുത്തി
വത്തിക്കാന്‍:നേപ്പാളില്‍, ഭൂകമ്പത്തെ തുടര്‍ന്നു, ഹിമപാളികള്‍ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍, ഏകദേശം 270 ആളുകള്‍ കൊല്ലപ്പെടുകയും, ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു.
ലോകത്തെ മുഴുവന്‍ ഞടുക്കിയ ഈ ദുരന്തത്തില്‍ ഇരകളായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും, ലിയോ പതിനാലാമന്‍ പാപ്പാ പ്രാര്‍ത്ഥനകളറിയിച്ചുകൊണ്ട്, ടെലിഗ്രാം സന്ദേശം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.
ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരോടുള്ള തന്റെ ആത്മീയ അടുപ്പം പാപ്പാ എടുത്തു പറഞ്ഞു. കത്തോലിക്കാ സഭയുടെ പ്രാദേശിക അധികാരികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്.
വെള്ളപ്പൊക്കം മൂലമുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും പരിശുദ്ധ പിതാവ് അതീവ ദുഃഖത്തോടെ ശ്രവിച്ചുവെന്നും, മരിച്ചവരുടെ ആത്മാക്കളെ സര്‍വ്വശക്തന്റെ കാരുണ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്നുവെന്നും, ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സന്ദേശത്തില്‍ എടുത്തു പറയുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പാപ്പാ തന്റെ പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്‍കി. എല്ലാവരുടെയും മേല്‍ ദൈവിക സഹായവും സംരക്ഷണവും ഉണ്ടാകട്ടെയെന്നു പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്നും സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
നേപ്പാള്‍ പൗരന്മാര്‍ക്കൊപ്പം, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് വിനോദ സഞ്ചാരികളെയും ഇനിയും കണ്ടെത്താനുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി കര, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും, സേവനം നല്‍കി വരുന്നു.