ഉക്രൈനില്‍ നടന്ന ആക്രമണങ്ങളില്‍ പാപ്പാ അതീവദുഃഖം രേഖപ്പെടുത്തി
സെപ്റ്റംബര്‍ മാസം ആറാം തീയതി, ഞായറാഴ്ച്ച, വത്തിക്കാന്‍ ചത്വരത്തില്‍ വച്ച്, , പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, ത്രികാല ജപത്തിനു ശേഷം, ഉക്രൈന്‍- റഷ്യ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും, സാധാരണക്കാരായ ആളുകളുടെ ജീവന്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്, പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തി.
ഉക്രൈനിലെ സപ്പോറിഷ പോലെയുള്ള വിവിധ നഗരങ്ങള്‍ക്ക് നേരെ, കഴിഞ്ഞ ദിവസം, റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ തന്റെ ഹൃദയ വേദന പരിശുദ്ധ പിതാവ് രേഖപ്പെടുത്തി. ' വര്‍ഷങ്ങളായി വേദനയിലും, ഭയത്തിലും ജീവിക്കുന്ന ജനങ്ങളുടെ കഷ്ടപ്പാടില്‍ എന്റെ ഹൃദയം വേദനിക്കുന്നു.' എന്നതായിരുന്നു പാപ്പായുടെ വാക്കുകള്‍.
റഷ്യന്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മേഖലയിലെ 54 പ്രദേശങ്ങള്‍ക്കെതിരെ റഷ്യന്‍ സൈന്യം ആകെ 886 ആക്രമണങ്ങള്‍ നടത്തി.
ഉക്രെയ്നിലെ നിരവധി നഗരങ്ങളെയും, പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചതും നിരപരാധികളുടെ മരണത്തിന് കാരണമായതുമായ അക്രമാസക്തമായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ താന്‍ ഏറെ ദുഃഖത്തോടെയാണ് മനസിലാക്കുന്നതെന്നു പാപ്പാ എടുത്തു പറഞ്ഞു.
'ഹിംസയ്ക്ക് അറുതി വരുത്താനും, നാശം അവസാനിപ്പിക്കാനും, സംഭാഷണത്തിനും സമാധാനത്തിനുമായി ഹൃദയങ്ങള്‍ തുറക്കാനും ഞാന്‍ വീണ്ടും ആഹ്വാനം ചെയ്യുന്നു! ഈ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സഫലമാകുകയും, നയതന്ത്രത്തിന് വഴിയൊരുങ്ങുകയും, അതുവഴി സാക്ഷാത്കാരമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു', ഇപ്രകാരമാണ്, പാപ്പാ തുടര്‍ന്ന് പറയുന്നത്.
റഷ്യ ഉക്രൈന്‍ യുദ്ധം തുടങ്ങിയ നാള്‍ മുതല്‍, പരിശുദ്ധ പിതാക്കന്മാര്‍ നിരന്തരം സമാധാനത്തിനായുള്ള ആഹ്വാനങ്ങള്‍ നല്കികൊണ്ടിരിക്കുകയാണ്.