തെക്കെ ആഫ്രിക്കന്‍ നാടുകളിലെ മെത്രാന്മാരുടെ സമ്മേളനത്തിന് പാപ്പാ ആശംസ അറിയിച്ചു

വത്തിക്കാന്‍:തെക്കെ ആഫ്രിക്കന്‍ നാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ പ്രാദേശികാന്തര സംഘത്തിന്റെ -ഇംബീസ-യുടെ (IMBISA) പ്രവര്‍ത്തനം സഭയുടെ സുവിശേഷവത്കരണദൗത്യത്തില്‍ ദൈവജനത്തിന്റെ പങ്കാളിത്തം സജീവമാക്കിനിര്‍ത്തുന്നതു തുടരുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ഇംബീസയുടെ പതിനാലാം സമ്പൂര്‍ണ്ണസമ്മേളനത്തോടും അതിന്റെ അമ്പതാം സ്ഥാപനവാര്‍ഷികത്തോടും അനുബന്ധിച്ച് വത്തിക്കാന്‍സംസ്ഥാനത്തിന്റെ ഉപകാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ പേഞ്ഞ പാറ, ഇംബീസയുടെ പ്രസിഡന്റ് വിന്റ്‌ഹോക്ക് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ലിബോറിയസ് ന്‍ന്തുബുക്കുത്തി നഷേന്തയ്ക്ക് അയച്ച ആശംസാ സന്ദേശത്തിലാണ് ലിയൊ പതിനാലാമന്‍ പാപ്പാ ഈ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.
മെത്രാന്മാര്‍ ഈ സമ്മേളനത്തോടും ഇംബീസയുടെ അമ്പതാം വാര്‍ഷികത്തോടും അനുബന്ധിച്ച് ആഗസ്റ്റ് 7-ന് അയച്ച കത്ത് പാപ്പായ്ക്ക് ലഭിച്ചുവെന്നും ആര്‍ച്ചുബിഷപ്പ് പേഞ്ഞ പാറ അറിയിച്ചു.
ഇംബീസ ഇക്കഴിഞ്ഞ 50 വര്‍ഷക്കാലം ആ പ്രദേശത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്കേകിയ വിലയേറിയ സേവനങ്ങളില്‍ പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.
സഭയുടെയും വിശാലമായ സമൂഹത്തിന്റെയും നന്മയ്ക്കായുള്ള പ്രവര്‍ത്തിക്കുന്ന ഇംബീസയുടെ, സാഹോദര്യ ഐക്യദാര്‍ഢ്യ ബന്ധങ്ങളാല്‍ ശക്തിപ്പെടുത്തപ്പെട്ട സിനഡാത്മക യാത്രയ്ക്കുള്ള പോഷണം, കര്‍ത്താവിന്റെ കരുണാര്‍ദ്ര ഹൃദയത്തില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുന്നു.