യഥാർഥ സമാധാനവും സന്തോഷവും തേടാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പാപ്പ

 
leo papa

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതത്തിൽ നിന്നും പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ദൈവവുമായി ആഴമേറിയ ബന്ധം സ്ഥാപിക്കാനും, അതിലൂടെ യഥാർത്ഥ സമാധാനവും പൂർണ്ണമായ സന്തോഷവും കണ്ടെത്താൻ പാപ്പ യുവ കത്തോലിക്കരോട് ആഹ്വാനം ചെയ്തു. സ്റ്റ്യൂബൻവില്ലെ യൂത്ത് കോൺഫറൻസിന്റെ 50-ാം വാർഷികത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിന് യുവാക്കൾക്ക് നൽകിയ സന്ദേശത്തിൽ പാപ്പ യുവാക്കളോട് ആഹ്വാനം ചെയ്തു.

സ്റ്റ്യൂബൻവില്ലെയിലെ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഈ വാർഷിക സമ്മേളനങ്ങൾ, വടക്കേ അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രധാന കത്തോലിക്കാ യുവജന സുവിശേഷവൽക്കരണ പരിപാടികളാണ്. ഈ വർഷം, സ്റ്റ്യൂബൻവില്ലെയിലും വടക്കേ അമേരിക്കയിലുടനീളമുള്ള പ്രാദേശിക വേദികളിലുമായി നടക്കുന്ന കോൺഫറൻസുകളിൽ 43,000-ത്തിലധികം കൗമാരക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് ഇതിനുമുമ്പ് ഒരു മാർപ്പാപ്പ സന്ദേശം നൽകിയതായി രേഖകളില്ല. തന്റെ സന്ദേശത്തിൽ, അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതസാക്ഷ്യത്തെക്കുറിച്ച് ധ്യാനിച്ച മാർപ്പാപ്പ, വിശുദ്ധന്റെ ജീവിതത്തെ നിർവചിച്ച രണ്ട് പ്രധാന കാര്യങ്ങളെക്കുറിച്ച് എഴുതി: ‘യഥാർത്ഥ സമാധാനവും’ ‘പൂർണ്ണമായ സന്തോഷവും’.

യഥാർത്ഥ സമാധാനം ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അത് ക്രിസ്തുവുമായുള്ള ബന്ധത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് വാഗ്ദാനം ചെയ്ത സമാധാനം കണ്ടെത്താനും, തങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും ആ സമാധാനത്തിന്റെ വക്താക്കളാകാനും സമ്മേളനത്തിനിടയിൽ നിശബ്ദതയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ കണ്ടെത്താൻ പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു.

ഭൗതികവിജയത്തിലോ ജനപ്രീതിയിലോ വിനോദങ്ങളിലോ സോഷ്യൽ മീഡിയയിലോ അല്ല ശാശ്വതമായ സന്തോഷം അടങ്ങിയിരിക്കുന്നത് എന്ന വിശുദ്ധ ഫ്രാൻസിസിന്റെ പ്രബോധനം ചൂണ്ടിക്കാണിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ‘പൂർണ്ണമായ സന്തോഷത്തിന്റെ’ അർഥം വ്യക്തമാക്കി. യഥാർത്ഥ സന്തോഷം വരുന്നത് ദൈവത്തിന്റെ സ്നേഹം അറിയുന്നതിലൂടെയും കഷ്ടപ്പാടുകൾ, തിരസ്കരണങ്ങൾ, പ്രതിസന്ധികൾ എന്നിവയ്ക്കിടയിലും വിശ്വസ്തതയോടെ നിലകൊള്ളുന്നതിലൂടെയുമാണെന്ന് പാപ്പ വിശദീകരിച്ചു.

ദൈവവിളി തിരിച്ചറിയാനുള്ള ആഹ്വാനത്തോടെയാണ് സന്ദേശം അവസാനിച്ചത്. വിവാഹജീവിതം, പൗരോഹിത്യം, സന്യാസജീവിതം, അല്ലെങ്കിൽ മിഷണറി സേവനം എന്നിവയിലായാലും, കർത്താവ് തങ്ങളെ ഒരു പ്രത്യേക ജീവിതരീതിയിലേക്ക് വിളിക്കുന്നുവെന്ന് തോന്നിയാൽ ഉദാരമായി പ്രതികരിക്കാൻ മടിക്കരുതെന്ന് മാർപാപ്പ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

Tags

Share this story

From Around the Web