സുവിശേഷാധിഷ്ഠിതമായ വിശ്വാസയാത്രയിൽ മുന്നോട്ട് പോകാൻ സ്‌പെയിനിലെ സഭയെ ആഹ്വാനം ചെയ്‌ത്‌ പാപ്പാ

 
Papa1

സ്പെയിനിലെ കാതോലിക്കാമെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ. രാഷ്ട്രീയ, പൊതുമേഖലകളിലുള്ളവരുമായുള്ള സമ്മേളനങ്ങൾക്ക് ശേഷമാണ് സഭാനേതൃത്വവുമായുള്ള തന്റെ ഈ കൂടിക്കാഴ്ചയെന്ന കാര്യം പരാമർശിച്ച പാപ്പാ, യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി. അദ്ധ്യാത്മികമേഖലയിലെ പരസ്പരമുള്ള ആശയകൈമാറ്റത്തിനുള്ള പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു.

സഭ നടത്തിക്കൊണ്ടിരിക്കുന്ന സിനഡാത്മകയാത്രയുടെയും, വിവിധ കോൺഗ്രസുകളിലൂടെ നടത്തുന്ന ഫലപ്രദമായ സംവാദങ്ങളുടെയും പ്രാധാന്യവും എടുത്തുപറഞ്ഞ  പരിശുദ്ധ പിതാവ്, ദൈവത്തെ ലക്ഷ്യമാക്കിയും അവനിലേക്ക് കണ്ണ് നട്ടുമുള്ള ഒരു യാത്രയിലൂടെ മുന്നോട്ട് പോകാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചു.

നമ്മുടെ ഈ യാത്രയിൽ പഴമയുടേതായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചും, അനാവശ്യമായ ഭാരങ്ങൾ പേറിയും വിശ്വാസയാത്രയെ ബുദ്ധിമുട്ടേറിയതാക്കാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും, എന്നാൽ അതേസമയം വിശ്വാസപരമ്പര്യത്തെ മുറുകെപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യവും ധൈര്യവും വിവേകപൂർവ്വം ഉൾച്ചേർത്ത് വേണം മുന്നോട്ട് പോകേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നമ്മുടെ തീർത്ഥാടനത്തിൽ ഭക്ഷണമായിത്തീരുകയും രക്ഷയിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നവയാണ് തിരുവചനവും വിശുദ്ധ കുർബാനയുമെന്ന് പ്രസ്താവിച്ച പാപ്പാ, അവയ്ക്കുവേണ്ടിയുള്ള വിശപ്പ് നമുക്കുണ്ടാകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.

ഭിന്ന സംസ്കാരങ്ങളും ഭാഷകളും നിലനിൽക്കുന്നതും നാനാത്വം ജീവിക്കുന്നതുമായ ഒരു സമൂഹമെന്ന നിലയിൽ പരസ്പരസംവാദങ്ങളുടെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും പ്രാധാന്യത്തിലേക്കും പരിശുദ്ധ പിതാവ് വിരൽ ചൂണ്ടി. ഒരു ഭാഗത്ത് അനാവശ്യമായ ഭാരമാകുന്നവ ഒഴിവാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുമ്പോൾ, മറുഭാഗത്ത്, സഭയുടെ വിശ്വാസപൈതൃകമുൾപ്പെടെയുള്ളവ, സംവാദത്തിനും കണ്ടുമുട്ടലുകൾക്കും വേണ്ട ഉപകരണങ്ങളായി മാറേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സ്‌പെയിനിലെ സാമൂഹിക, സഭാ തലങ്ങളിലുള്ള പ്രതിസന്ധികളും യാഥാർത്ഥ്യങ്ങളും സംബന്ധിച്ച് സംസാരിച്ച പാപ്പാ, മനസ്സിലാക്കാൻ വേണ്ടി മാത്രമല്ല, പങ്കുവയ്ക്കൽ മനോഭാവത്തിന്റെ കൂടി ഭാഗമായാണ് പരസ്പരസംവാദങ്ങൾ നടത്തേണ്ടതെന്ന് പ്രസ്താവിച്ചു. മറ്റു ജനതകളുമായുള്ള സംവാദത്തിനായി അവരുടെ ഭാഷ ഉൾപ്പെടെയുളളവ പഠിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, നമ്മുടേതായ വിശ്വാസ അനുഭവം മറ്റുളളവരുമായി പങ്കുവയ്ക്കാനും, സുവിശേഷവത്കരണം അഭിമുഖീകരിക്കുന്ന നവീന പ്രതിസന്ധികളെ നേരിടാനും തയ്യാറകാൻ സഭാനേതൃത്വത്തെ ക്ഷണിച്ചു.

മെത്രാന്മാർക്ക് ഐക്യം വളർത്താനുള്ള ചുമതലയുണ്ടെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, ക്രിസ്തുവുമായും, പത്രോസിന്റെ പിൻഗാമിയുമായും, ആഗോളസഭയുമായും, വൈദികരും രൂപതാസമൂഹവുമായും, സമർപ്പിതരുമായും, വ്യത്യസ്ത സഭാസംഘടനകളുമായുമുൾപ്പെടെ ഐക്യം വളർത്താനുള്ള ചുമതലയാണതെന്ന് വിശദീകരിച്ചു.

യുവജനങ്ങളോടുള്ള സഭയുടെയും സഭാനേതൃത്വത്തിന്റെയും ഉത്തരവാദിത്വം പ്രത്യേകമായി പരാമർശിച്ച പാപ്പാ, തങ്ങളുടെ ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് അവർക്കുള്ള ജിജ്ഞാസയെ സഭ ഗൗരവമായി കാണണമെന്നും, തങ്ങളുടെ വിളി തിരിച്ചറിയാൻ അവരെ സഹായിക്കണമെന്നും ഓർമ്മിപ്പിച്ചു. ആത്മീയജീവിതവുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിന്റെ വളർച്ച മാത്രമല്ല ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞ പാപ്പാ, സന്തോഷത്തിലും ശുശ്രൂഷയിലും കൂട്ടായ്മയിലും സുവിശേഷം ജീവിക്കപ്പെടുന്നയിടങ്ങളിൽ ദൈവത്തിന്റെ വിളി കേൾക്കാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ചു. വൈദികാർത്ഥികൾക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട പരിശീലനത്തിന്റെ ആവശ്യത്തിലേക്കും പാപ്പാ വിരൽ ചൂണ്ടി. സഭയുടെ വിശ്വാസയാത്രയിൽ അത്മായർക്കുള്ള സ്ഥാനവും പ്രാധാന്യവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

സഭയിൽ കരുതലും ശുശ്രൂഷയും ഉറപ്പാക്കേണ്ടവരിൽനിന്ന് മുറിവേറ്റ മനുഷ്യരുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവരുടെ മുറിവുണക്കാനും, അവർക്ക് സംരക്ഷണമേകാനും സഭയ്ക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തുപറഞ്ഞു. അങ്ങനെയുള്ള വ്യക്തികൾ ശ്രദ്ധാപൂർവ്വം ശ്രവിക്കേപ്പെടേണ്ടതിന്റെയും, അവർക്ക് നീതി ഉറപ്പാക്കേണ്ടതിന്റെയും ആവശ്യവും പാപ്പാ ഓർമ്മിപ്പിച്ചു.

ഇന്ന് ദൈവത്തെ തള്ളിപ്പറയുകയും എന്നാൽ ഉള്ളിൽ ജീവിതത്തിന്റെ അർത്ഥവും സത്യവും പ്രത്യാശയും തേടുകയും ചെയ്യുന്ന മനുഷ്യരുണ്ടെന്ന് പറഞ്ഞ പാപ്പാ, അവരെ ശ്രവിക്കാനും, യേശുക്രിസ്തുവിലൂടെ നൽകപ്പെട്ട വലിയ നിധിയെ അവർക്ക് കാണിച്ചുകൊടുക്കാനും സഭയ്ക്ക് സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു.

പരിശുദ്ധ കന്യകാമറിയത്തിലെ വിശ്വാസജീവിതമാതൃക പരാമർശിച്ച പാപ്പാ, ഐക്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായി, സഭ ലോകത്തിൽ നിലനിൽക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു. പുളിമാവായി മാറാനുള്ള സഭയുടെ വിളിയെ പാപ്പാ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു. ക്രിസ്തുവിന്റെ ഹൃദയം സ്വന്തമാക്കുന്ന സഭ, തന്നെ നയിക്കുകയും താങ്ങിനിറുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന അഗ്നിസ്തംഭമാണ് ഒപ്പം കൂട്ടുന്നതെന്ന് കാതോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ പ്രസ്താവിച്ചു.

Tags

Share this story

From Around the Web