ഞായറാഴ്ചകളിലെ വിശുദ്ധ കുർബാന വിശ്വാസികൾക്ക് കൂടുതൽ അനുഭവേദ്യമാക്കണം: ആഹ്വാനവുമായി മാർപാപ്പ

 
Leo papa

ഞായറാഴ്ചകളിൽ ദൈവാലയങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന വിശ്വാസികൾക്ക് ഏറ്റവും മനോഹരവും അർഥപൂർണ്ണവുമായ അനുഭവമാക്കി മാറ്റാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്ന് ഇടവക സമൂഹങ്ങളോടും വൈദികരോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ നടന്ന ജനറൽ ഓഡിയൻസിൽ ആണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

ദിവ്യബലി കേവലം കടമ തീർക്കാനുള്ള ഒരു ആചാരമല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവുമായുള്ള ജീവസ്സുറ്റ കണ്ടുമുട്ടലാണ്. അതിനാൽ, വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ എത്തുന്ന ഓരോ വിശ്വാസിക്കും ആത്മീയമായ അനുഭൂതി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ പള്ളികളിലെ ക്രമീകരണങ്ങൾ സഹായിക്കണമെന്ന് പാപ്പ പറഞ്ഞു. കുർബാന മധ്യേയുള്ള പ്രസംഗങ്ങൾ ദൈവവചനത്തെ അനുദിന ജീവിതവുമായി ബന്ധിപ്പിക്കുന്നതും ലളിതവും ആത്മീയ പ്രചോദനം നൽകുന്നതുമായിരിക്കണം എന്നും കുട്ടികളും യുവാക്കളും വയോധികരും ഉൾപ്പെടെയുള്ള മുഴുവൻ ഇടവക സമൂഹത്തിനും സജീവമായി പങ്കുചേരാൻ സാധിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയുടെ ക്രമീകരണങ്ങൾ ഒരുക്കണമെന്നും പാപ്പ ഊന്നിപ്പറഞ്ഞു.

ദൈവാലയങ്ങളിൽ എത്തുന്ന എല്ലാവരെയും സ്‌നേഹത്തോടും സഹോദര്യത്തോടും കൂടെ സ്വീകരിക്കുന്ന സൗഹൃദപരമായ അന്തരീക്ഷം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് പറഞ്ഞ പാപ്പ, തിരക്ക് പിടിച്ച ആധുനിക ജീവിതത്തിൽ ആത്മീയ നവീകരണത്തിനും കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും ദൈവവചനവും ദിവ്യകാരുണ്യവും ശക്തി നൽകുന്നു എന്നും ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ വിശുദ്ധ കുർബാന അർപ്പണം കൂടുതൽ ഭക്തിനിർഭരവും അനുഗ്രഹപ്രദവുമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മാർപാപ്പ ഇടവക ശുശ്രൂഷകരെയും വിശ്വാസികളെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web